കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയതിന് നാലുകേസുകൾ രജിസ്റ്റർ ചെയ്തു. ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ കാഞ്ഞങ്ങാട് പനങ്കാവിലെ കെ. ബാബു, നിലാങ്കര പഴയ പാട്ടില്ലത്ത് ബി.കെ. അഷറഫ്, ആറങ്ങാടി വടക്കെ വീട്ടിൽ മുഹമ്മദ് റയീസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മുക്കു പണ്ടം പണയപ്പെടുത്തി പ്രതികൾ ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
16.760 ഗ്രാമിന്റെ സ്വർണം പൂശിയ രണ്ട് വളകൾ പണയപ്പെടുത്തി 69000 രൂപയാണ് കാഞ്ഞങ്ങാട് പടിഞ്ഞാർ പനങ്കാവിലെ ബാബു തട്ടിയെടുത്തത്. ബാങ്കിന്റെ ഹെഡ് ഓഫിസിൽ ജൂൺ മൂന്നിനാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അസി. സെക്രട്ടറി എച്ച്.ആർ. പ്രദീപ് കുമാറിന്റെ പരാതിയിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഹോസ്ദുർഗ് ബാങ്കിൽ 25.470 ഗ്രാമിന്റെ മൂന്ന് വളകൾ സ്വർണമെന്ന വ്യാജേന പണയപ്പെടുത്തി 117000 രൂപയാണ് നിലാങ്കര പഴയ പാട്ടില്ലത്ത് ബി.കെ. അഷറഫ് തട്ടിയെടുത്തത്.
ബാങ്കിന്റെ പ്രഭാത -സായാഹ്ന ശാഖയിൽ സ്വർണം പൂശിയ മുക്കുപണ്ടം രണ്ട് തവണകളിലായി പണയപ്പെടുത്തി 277000 രൂപ തട്ടിയെടുക്കുകയായിരുന്നു ആറങ്ങാടി വടക്കെ വീട്ടിൽ മുഹമ്മദ് റയീസ്. കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് 33.7 ഗ്രാമുള്ള നാല് വ്യാജ വളകളും ഈ വർഷം ജനുവരി 15ന് രണ്ട് വളകളുമാണ് പണയപ്പെടുത്തിയത്. ബാങ്ക് ബ്രാഞ്ച് മാനേജർ പി. സിന്ധുവിന്റെ പരാതിയിലാണ് കേസ്. മുഹമ്മദ് റയീസ് ഹോസ്ദുർഗ് ബാങ്കിന്റെ ആറങ്ങാടി ബ്രാഞ്ചിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബർ 13ന് 33 ഗ്രാമുള്ള നാല് വ്യാജ വളകൾ പണയപ്പെടുത്തി 132000 രൂപയാണ് ഇയാൾ കൈക്കലാക്കിയത്. ബ്രാഞ്ച് മാനേജർ എം. സുനിലിന്റെ പരാതിയിലാണ് കേസ്.
നീലേശ്വരം: നീലേശ്വരം സര്‍വിസ് സഹകരണ ബാങ്കിന്റെ മുഖ്യ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയപ്പെടുത്തി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ബാങ്ക് അസി. സെക്രട്ടറി കെ.ആര്. രാകേഷിന്റെ പരാതിയില്‍ പാലത്തടം പുത്തരിയടുക്കത്തെ പി. രാജേഷിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രില്‍ 12ന് 33.266 ഗ്രാം തൂക്കമുള്ള നാല് വളകള്‍ പണയപ്പെടുത്തിയാണ് 1,42,000 രൂപ കൈക്കലാക്കിയത്. സംശയം തോന്നി സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണയപ്പെടുത്തിയെന്നു പറയുന്ന സ്വര്‍ണം മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.
ഈ സാഹചര്യത്തിൽ, ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയിട്ടുള്ള മുഴുവൻ പണയ സ്വർണങ്ങളുടെയും വിശ്വാസ്യത പരിശോധിക്കാൻ സഹകരണ വകുപ്പ് അധികൃതർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.