കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, പാണത്തൂർ സംസ്ഥാനപാതയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് വ്യാപകമായതോടെ പാതയോരത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടാൻ ഒരുങ്ങി കോടോം ബേളൂർ പഞ്ചായത്ത്. ഇരിയ, മുട്ടിച്ചരൽ ഭാഗങ്ങളിൽ സംസ്ഥാനപാതയോരത്ത് മാംസ മാലിന്യങ്ങളും മറ്റു ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ചാക്കിലാക്കി റോഡരികിൽ തള്ളുന്നതിനെ തുടർന്നാണ് പഞ്ചായത്ത് കർശന നടപടിക്ക് ഒരുങ്ങിയത്.
ബുധനാഴ്ച പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ദാമോദരൻ അവതരിപ്പിച്ച ബജറ്റിൽ സി.സി.ടി.വി കാമറ സ്ഥാപിക്കാൻ മൂന്ന് ലക്ഷം രൂപ വകയിരുത്തി. മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രധാന ഭാഗങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കാൻ വേണ്ടിയാണ് പണം അനുവദിച്ചതെന്ന് വൈസ് പ്രസിഡൻറ് പറഞ്ഞു. പാണത്തൂർ പാതയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് ‘മാധ്യമം’ നിരവധിതവണ റിപ്പോർട്ട് ചെയ്തിരുന്നു.
പഞ്ചായത്ത് ഇടപെട്ട് ഹരിതകർമ സേനാ പ്രവർത്തകരുടെ സഹായത്തോടെ റോഡരികിൽ തള്ളിയ മാലിന്യങ്ങൾ ഇതിനോടകം ശേഖരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. തുടർന്നും മാലിന്യം തള്ളിയാൽ കർശന നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ ഉൾപ്പെടെ മാലിന്യങ്ങൾ പാണത്തൂർ റോഡിൽ തള്ളുന്നത് പതിവാണ്.
ഏറെ ശ്രമിച്ചിട്ടും മാലിന്യം തള്ളുന്നവരെ പിടികൂടാൻ അധികൃതർക്ക് സാധിച്ചില്ല. ഒടുവിലാണ് സി.സി.ടി.വി കാമറ സ്ഥാപിക്കാനുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.