കാഞ്ഞങ്ങാട്: സൈക്ലിസ്റ്റുകളുടെ കൂട്ടായ്മയായ കാസർകോട് പെഡലേഴ്സിന്റെ നേതൃത്വത്തിൽ 'ഗ്രീൻ ട്രാൻസിറ്റ്' പദ്ധതിക്ക് കൂടുതൽ സൈക്കിളുമായി സ്പോൺസർമാർ രംഗത്ത്. രണ്ടുമാസം മുമ്പാണ് കാഞ്ഞങ്ങാട് നഗരത്തിൽ പദ്ധതിക്ക് തുടക്കമായത്. നഗരത്തിൽ എത്തുന്നവർക്ക് വിവിധ ആവശ്യങ്ങൾ നിർവഹിക്കാൻ സൈക്കിൾ സൗജന്യമായി നൽകുന്നതാണ് പരിപാടി.
ആദ്യം ഒരു സൈക്കിളിലായിരുന്നു തുടക്കം കുറിച്ചത്. ഇപ്പോൾ അഞ്ചുപേർ സൈക്കിൾ സ്പോൺസർചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേർ പദ്ധതിയുമായി സഹകരിക്കുന്നുവെങ്കിലും സൈക്കിൾ സ്റ്റേഷൻ പരിമിതിയാണ് പദ്ധതിക്ക് തടസ്സമാകുന്നത്.
ഗതാഗതക്കുരുക്കില്ലാതെ പരിസ്ഥിതി സൗഹൃദ രീതിയിൽ നഗരത്തിൽ സഞ്ചാരം സാധ്യമാക്കുക എന്നതാണ് ഉദ്ദേശ്യം. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂൾ പരിസരത്തുള്ള കാസർകോട് പെഡലേഴ്സ് ഓഫിസ് കേന്ദ്രീകരിച്ചാണ് തുടക്കമെന്ന നിലയിൽ ഗ്രീൻ ട്രാൻസിറ്റ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ സൈക്ലിങ് കൂട്ടായ്മയിലെ അംഗങ്ങൾക്ക് മാത്രമായിരിക്കും സൗകര്യം ലഭ്യമാവുക. കൂടുതൽ സൈക്കിളുകൾ കണ്ടെത്തുന്നമുറക്ക് പൊതുജനങ്ങൾക്കുകൂടി സേവനം ലഭിക്കും. ഭാവിയിൽ പുതിയ ബസ് സ്റ്റാൻഡ്, കാഞ്ഞങ്ങാട് നഗരപരിധി എന്നിവിടങ്ങളിൽ സൈക്കിൾ കിയോസ്കുകൾ ആരംഭിക്കാനും ആലോചനയുണ്ട്. പച്ചക്കറി സൺസ്, നന്മമരം കാഞ്ഞങ്ങാട് എന്നീ സ്ഥാപനങ്ങളാണ് സൈക്കിളുകൾ സമ്മാനിച്ചത്.
ഒരുകേന്ദ്രത്തിൽനിന്ന് സൈക്കിളെടുത്ത് മറ്റൊരു കേന്ദ്രത്തിൽ തിരിച്ചേൽപിക്കാനും കഴിയുന്ന വിധത്തിൽ സേവനം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് കാസർകോട് പെഡലേഴ്സ് ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.