കാഞ്ഞങ്ങാട്: തീപിടിച്ച വീട്ടിൽനിന്ന് അഞ്ചുവയസ്സുകാരനെ വാരിയെടുത്തോടി ഹരിതകർമ സേനാംഗങ്ങളുടെ രക്ഷാപ്രവർത്തനം. കാഞ്ഞങ്ങാട് നഗരസഭ 38ാം വാർഡിലെ ഹരിതകർമസേനാംഗങ്ങളായ കുശാൽ നഗറിലെ സുനിത വിനോദിന്റെയും ആവിയിലെ കെ.വി. രമയുടെയും അവസരോചിതമായ ഇടപെടൽമൂലം ഒഴിവായത് വലിയ ദുരന്തമായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയതാണ് ഇരുവരും. ഈ സമയം വീട്ടുടമ എം.ബി. ഇസ്മായിൽ ഹാജി ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ പോയതായിരുന്നു. വീട്ടിൽ മകൾ റംലയും ഇവരുടെ അഞ്ച് വയസ്സുള്ള മകൻ ഫർമാനും മാത്രമാണുണ്ടായിരുന്നത്.
വീട്ടുടമ വരുന്ന സമയത്തിനുള്ളിൽ അയൽവീട്ടിൽനിന്നും പ്ലാസ്റ്റിക് ശേഖരിക്കാമെന്ന് കരുതി ഹരിതസേനാംഗങ്ങൾ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുനിലവീടിന്റെ മുകളിൽനിന്ന് വലിയ രീതിയിൽ പുക ഉയരുന്നതു കണ്ടത്. ഇതോടെ വീട്ടിലേക്ക് തിരിഞ്ഞോടിയ സുനിതയും രമയും വീട്ടിനുള്ളിൽ കളിക്കുകയായിരുന്ന ഫർമാനെ വാരിയെടുത്ത് കുട്ടിയുമായി തൊട്ടടുത്ത പള്ളിക്കുള്ളിലേക്ക് ഓടിക്കയറി ഉച്ചത്തിൽ സഹായം തേടുകയായിരുന്നു.
പള്ളിയിൽ ഈ സമയം എല്ലാവരും ജുമുഅ നമസ്കാരത്തിലായിരുന്നു. ഇതിനിടയിൽ വിവരം റംലയേയും അറിയിച്ചു. ഫയർഫോഴ്സിനെ വിളിക്കാനും ഇവർ മറന്നില്ല. പള്ളിയിൽനിന്ന് ആളുകൾ ഓടിയെത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അപ്പോഴേക്കും ഒരു മുറി പൂർണമായും കത്തിനശിച്ചിരുന്നു. ഹരിതകർമ സേനാംഗങ്ങളുടെ പ്രവൃത്തിയെ വിശ്വാസികൾ ഒന്നടങ്കം പ്രശംസിച്ചു. വാർഡ് അംഗം റസിയ ഗഫൂർ അടക്കമുള്ളവർ സ്ഥലത്തെത്തി ഇവരെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.