കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഹബ് ആൻഡ് സ്പോക്ക് മോഡൽ ലാബ് ശൃംഖല സംവിധാനം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം. സംവിധാനം യാഥാർഥ്യമാകുന്നതോടെ സാംക്രമിക രോഗങ്ങൾ, സാംക്രമികേതര രോഗങ്ങൾ എന്നിവയുടെ രോഗനിർണയത്തിന് അത്യാധുനിക ലബോറട്ടറി പരിശോധനാ സൗകര്യങ്ങൾ വീടിന് സമീപത്തുള്ള ആശുപത്രികളിൽ തന്നെ ജനങ്ങൾക്ക് ലഭ്യമായി തുടങ്ങും.
നിലവിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളിൽ സാർവത്രികമായി ചില പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും സങ്കീർണമായ പരിശോധനകൾക്ക് താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ, റഫറൽ ലാബുകൾ, സ്വകാര്യ ലാബുകൾ എന്നിവയെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം പരിശോധനകൾ ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ലഭ്യമാക്കുകയാണ് നവകേരള കർമ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവിധതരം സാമ്പിളുകൾ പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലെ ഡയഗ്നോസ്റ്റിക് ഹബ് ലാബുകളിൽ എത്തിക്കുന്നു. പരിശോധനകൾ പൂർത്തിയായാലുടൻ ഫലങ്ങൾ രോഗികളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി അറിയിക്കും.
സീറോളജി, ക്ലിനിക്കൽ ബയോകെമിസ്ട്രി, ഹോർമോൺ ടെസ്റ്റുകൾ, മൈക്രോബയോളജി ടെസ്റ്റുകൾ, സർവൈലൻസ് സാമ്പിളുകൾ, കാൻസർ രോഗനിർണയ പരിശോധനകൾ എന്നിവ ഇതിലൂടെ ലഭ്യമാകും.
ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സി.എച്ച്.സികൾ താലൂക്കുതല ആശുപത്രികൾ എന്നിവിടങ്ങളിൽനിന്ന് ജില്ല ആശുപത്രി, ജനറൽ ആശുപത്രി, സംയോജിത പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലേക്ക് സാമ്പിളുകൾ കൊണ്ടുപോകുന്നതിനുള്ള വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹബ്ബ്, സ്പോക്ക് രീതിയിലൂടെ പരിശോധന സൗകര്യങ്ങൾ ലഭ്യമാകും ബയോപ്സി കോവിഡ് -19 ആർ.ടി.പി.സി.ആർ, ട്രൂ നാറ്റ്, സിബിനാറ്റ് മെറ്റബോളിക്ക് പരിശോധനകൾ ഡെങ്കു, എലിപ്പനി, മഞ്ഞപ്പിത്ത, എച്ച്.ഐ.വി, എ.എം.ആർ പരിശോധനകൾ ഡിസ്ട്രിക്ട് ലബോറട്ടറി ഹബ് ആൻഡ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം പ്രവർത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസ്, ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദ് സാമ്പിൾ കലക്ഷൻ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.