കാഞ്ഞങ്ങാട്: ക്ഷേത്ര കമ്മിറ്റിയുടെ ആതിഥേയത്വത്തില്‍ പ്രസ്‌ഫോറം നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഇഫ്താര്‍ വിരുന്ന് വേറിട്ട സന്ദേശമായി. ആയിരം വര്‍ഷം പഴക്കമുള്ള കവ്വാല്‍മാടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത്. നൂറ്റാണ്ടിന്റെ പഴക്കമുള്ള കോട്ടച്ചേരി ബദരിയ്യ മസ്ജിദ് ഇമാം റഷീദ് സഅദി റമദാന്‍ സന്ദേശം നല്‍കി. ക്ഷേത്ര ഭാരവാഹികള്‍ വിശ്വാസികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കിയത് മതമൈത്രിയുടെ സന്ദേശമാണ് വിളംബരം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സംയുക്ത മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് സി. കുഞ്ഞാമദ് ഹാജി പാലക്കി ഇഫ്താര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പി. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസല്‍ റഹിമാന്‍ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂർ: ഉത്സവപ്പറമ്പിൽ ഇതര മതസ്ഥർക്ക് വിലക്കേർപ്പെടുത്തുന്ന കാലത്ത് വൈക്കത്ത് ഗ്രാമത്തിൽനിന്നുള്ള സൗഹൃദക്കാഴ്ച ഹൃദ്യമായ അനുഭവമായി. തൃക്കരിപ്പൂർ വൈക്കത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ വിജയത്തിന് കൈത്താങ്ങായി വടക്കുമ്പാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാടിന്റെ നേതൃത്വത്തിലാണ് ജമാഅത്ത് ഭാരവാഹികൾ മടപ്പുരയിൽ എത്തിയത്. ഇഫ്താറിന് ശേഷം മടപ്പുരയിലെത്തിയ ഇവരെ സ്വീകരിക്കാൻ സ്ത്രീകൾ അടക്കമുള്ള ആഘോഷ കമ്മിറ്റി അംഗങ്ങൾ എത്തിച്ചേർന്നു.
മടപ്പുരയിൽ നടന്ന മതസൗഹാർദത്തിന്റെ കുളിർമ ചൊരിഞ്ഞ അന്തരീക്ഷത്തിൽ അവിടത്തെ അന്നദാനത്തിനുള്ള ജമാഅത്തിന്റെ സഹായം ഭാരവാഹികൾക്ക് കൈമാറി. ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.പി.എം. സുലൈമാൻ, ജനറൽ സെക്രട്ടറി എ.ജി. മുനീർ, വൈസ് പ്രസിഡന്റുമാരായ എ.ജി. കുഞ്ഞഹമ്മദ്, പി. അബ്ദുൽസലാം, ആഘോഷ കമ്മിറ്റി കൺവീനർ വി.വി. സുരേശൻ, ചെയർമാൻ വി. രാജേഷ്, എം. രാജൻ, ടി. തമ്പാൻ എന്നിവർ സംസാരിച്ചു. ലഘു ഭക്ഷണവും കഴിച്ചാണ് ചടങ്ങ് അവസാനിപ്പിച്ചത്.
പടന്ന: വ്രതവിശുദ്ധിയുടെ പുണ്യനാളിൽ മത സൗഹാർദത്തിന്റെ ഉദാത്തമാതൃകയായി പടന്ന വടക്കേപ്പുറം ബദർ മസ്ജിദ് കമ്മിറ്റി. വടക്കേപ്പുറം നരിമറിഞ്ഞ തൊണ്ടച്ചൻ ദേവസ്ഥാനത്ത് നടക്കുന്ന കളിയാട്ട മഹോത്സവത്തിലേക്ക് പടന്ന വടക്കേപ്പുറം പുതിയപുര തറവാട്ടിൽനിന്നും വന്ന കലവറ നിറക്കൽ ഘോഷയാത്രക്കാണ് ബദർ പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം നൽകിയത്.
ബദർ മസ്ജിദ് ഇമാം അക്ബർ സിദ്ദീഖ് അൽ അസ്ഹരി, ബദർ മസ്ജിദ് കമ്മിറ്റി പ്രതിനിധികളായ എ. അബ്ദുല്ല ഹാജി, കെ.സി.പി. അഹമ്മദ്, സമീർ പാണ്ടിയാല, എ.എം. അബ്ദുല്ല, യു.പി. ശറഫുദ്ദീൻ തുടങ്ങിയവർ ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ അനൂപ്, സുമേഷ്, കെ.സജീവൻ, കുഞ്ചമ്പു കാരണവർ, മിനീഷ്, സനൂപ്, ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഘോഷയാത്രക്ക് നൽകിയ സ്വീകരണം ഹൃദ്യമായ കാഴ്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.