കാഞ്ഞങ്ങാട്: നിയോജക മണ്ഡലത്തിലെ നിർദിഷ്ട വ്യവസായ പാർക്കിന് 100 ഏക്കറോളം ഭൂമി കണ്ടെത്തി വർഷങ്ങൾ പിന്നിട്ടിട്ടും തുടർ നടപടികൾ വേഗത്തിൽ നടപ്പിലാക്കുന്നില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവിനുമുന്നിൽ വ്യാപക പരാതി. പരാതി കൂടിയതോടെ മുൻ റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എം.എൽ.എയുമായ ഇ. ചന്ദ്രശേഖരൻ വിശദീകരണവുമായി രംഗത്തെത്തി.
വകുപ്പ് മന്ത്രിയെ നേരിൽക്കണ്ട് ചർച്ച ചെയ്തിട്ടുണ്ടെന്നും മണ്ഡലത്തിലെ ഖാദി ഉൽപാദന കേന്ദ്രങ്ങളുടെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ആസ്ബസ്റ്റോസ് ഷീറ്റുകളിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ചയാണ് മന്ത്രി പി. രാജീവ് ജില്ലയിലെത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി എത്രയും വേഗത്തിൽ ചെറുകിട വ്യവസായങ്ങൾ ആരംഭിച്ചാൽ മാത്രമേ ഈ പദ്ധതികൊണ്ടുള്ള ലക്ഷ്യപ്രാപ്തി നേടൂവെന്നും തുടർ നടപടികൾ വേഗത്തിലാക്കാൻ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായും എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ ഭരണത്തിൽ റവന്യൂ - വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുൻ വ്യവസായ മന്ത്രിയും സ്ഥലം എം.എൽ.എ കൂടിയായ റവന്യൂ മന്ത്രിയും 2017 മേയ് 17നും 2018 മാർച്ച് 19നും രണ്ടുവട്ടം ചർച്ച നടത്തിയിരുന്നു. അമ്പലത്തറ, പുതുക്കൈ, കാഞ്ഞങ്ങാട് വില്ലേജുകളിൽ ഏറ്റെടുക്കാൻ 343 ഏക്കറോളം ഭൂമി സർവേ നടത്തി. ഇതിൽനിന്ന് നഗരത്തോടടുത്ത് കിടക്കുന്നതും ഗതാഗതം, കുടിവെള്ളം, വൈദ്യുതി എന്നീ സൗകര്യമുള്ളതുമായ മടിക്കൈ, പുതുക്കൈ വില്ലേജുകളിൽപെട്ട 100 ഏക്കറിലധികം സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തിരുന്നു. ഇടതുസർക്കാർ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് വ്യവസായ പാർക്കിൽ ആകെ നടന്നത് മതിൽകെട്ടും ഗേറ്റ് നിർമാണവും മാത്രമാണ്. ഇതാണ് മന്ത്രിക്കുമുന്നിൽ വ്യവസായ പാർക്കിനെ ചൊല്ലി പരാതി ഉയരാനിടയായത്.
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയ കാമ്പസിനോടുചേർന്ന് നഗരസഭയിലും മടിക്കൈ പഞ്ചായത്തിലുമായി 99 ഏക്കറിലാണ് വ്യവസായ പാർക്ക് പ്രഖ്യാപിച്ചത്. മടിക്കൈ വില്ലേജിൽ 93 ഏക്കറും ബാക്കി നഗരസഭയുമായി റവന്യൂ വകുപ്പാണ് വ്യവസായ വകുപ്പിന് സ്ഥലം കൈമാറിയത്. പരിസ്ഥിതിക്ക് ഇണങ്ങുന്ന വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ തലത്തിൽ സ്ഥലവും പശ്ചാത്തലസൗകര്യവുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.