കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനമാരംഭിച്ച് ഒരു വർഷമാകുമ്പോൾ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത് 33,657 രോഗികൾ. ചികിൽസിക്കാൻ കാശില്ലാത്തവർക്കും സാധാരണക്കാർക്കും വലിയ ആശ്വാസമാവുകയാണ് നഗരത്തിലെ അമ്മയും കുഞ്ഞും ആശുപത്രി. 2023 മാർച്ചിൽ തുടങ്ങിയ ആശുപത്രിയിൽ ഇതിനകം 371 പേരെ കിടത്തി ചികിത്സിച്ചു.
19 പ്രസവവും അഞ്ച് ശസ്ത്രക്രിയകളും നടന്നു. 24 കുഞ്ഞുങ്ങൾ ഒരു വർഷത്തിനിടെ ആശുപത്രിയിൽ ജനിച്ചു വീണു. നാല് സ്ത്രീകൾക്ക് ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയും മൂന്നുപേർക്കായി വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തി.
ജില്ലയിലെ ആദ്യത്തെ മോഡുലാർ ഓപറേഷൻ തിയറ്റർ, 24 മണിക്കൂറും അത്യാഹിത വിഭാഗം, സ്പെഷൽ ന്യൂബോൺ ഐ.സി.യു, ഹൈഡിപൻഡൻസി യൂനിറ്റ്, മോഡ്യൂലർ ഓപറേഷൻ തിയേറ്റർ എന്നിവയും ഇവിടെയുണ്ട്. നഗരസഭയുടെ സാമ്പത്തിക സഹായം ആശുപത്രിക്കുണ്ട്. മികച്ച സൗകര്യവും ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യമുണ്ടെന്ന് രോഗികൾ പറയുന്നു.
മൊബൈൽ, ആധാർ നമ്പറുകൾ കൊടുത്താൽ ഇ-ഹെൽത്ത് സംവിധാനം തുടങ്ങും. മരുന്നിന്റെ പേപ്പർ ഒഴികെ രോഗിയുടെ കൈയിൽ ഒരു പേപ്പറും ഉണ്ടാകില്ല. രോഗിയുടെ മുഴുവൻ ചരിത്രവും ഡോക്ടറുടെ കമ്പ്യൂട്ടറിലെത്തും. അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും സേവനമുണ്ട്.
വൈകീട്ട് ആറ് വരെ ഫാർമസിയുണ്ട്. സാധാരണക്കാർക്ക് സാമ്പത്തിക ചെലവില്ലാതെ മികച്ച ചികിത്സ ലഭ്യമാകുന്നതാണ് വലിയ അനുഗ്രഹമാകുന്നത്. സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന സംവിധാനത്തോടെയുള്ള ആശുപത്രിയെ കൂടുതൽ മെച്ചപ്പെട്ട നിലയിലുയർത്തിയാൽ സാധാരണക്കാർക്ക് വലിയ സഹായകമാകുമെന്ന് ഇവിടെയെത്തുന്നവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.