കാഞ്ഞങ്ങാട്: മലയോര മേഖലകളെ ബന്ധിപ്പിച്ച് കാഞ്ഞങ്ങാട്ടുനിന്നും കാസർകോട്ടുനിന്നും പകലും രാത്രിയിലും പുറപ്പെടുന്ന തരത്തിൽ ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരവികസന കർമസമിതി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം നൽകി. ബംഗളൂരു, മൈസൂർ, മടിക്കേരി, സുള്ള്യ, കുശാൽ നഗർ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നിരവധിയാളുകൾ ഈ മേഖലയിൽനിന്ന് യാത്രചെയ്യുന്നുണ്ട്.
മലയോര മേഖലയിലെയും കാഞ്ഞങ്ങാടിന്റെയും കാസർകോടിന്റെയും തീരമേഖലയിലെ നൂറുകണക്കിനാളുകളാണ് ബസ് മാർഗം യാത്ര ചെയ്യുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കാസർകോടുനിന്ന് പുറപ്പെട്ട് ചന്ദ്രഗിരിപ്പാലം വഴി ഉദുമ, പാലക്കുന്ന്, ബേക്കൽ, കാഞ്ഞങ്ങാട്, രാജപുരം ബളാന്തോട് ബന്തടുക്ക, സുള്ള്യ വഴിയും കാഞ്ഞങ്ങാടുനിന്ന് പുറപ്പെട്ട് ഒടയംചാൽ, രാജപുരം, മാലക്കല്ല്, കോളിച്ചാൽ, ബളാന്തോട്, ബന്തടുക്ക, സുള്ള്യ വഴിയും രണ്ട് സർവിസുകൾ ബംഗളൂരുവിലേക്കും തിരിച്ചും വേണമെന്നാണ് ആവശ്യം. വ്യാപാര-വിനോദ സഞ്ചാര മേഖലകൾക്ക് ഗുണം ചെയ്യുന്നതും കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താൻ സൗകര്യപ്രദമാകുന്നതുമായ രീതിയിൽ യാത്രാസമയം ക്രമീകരിച്ച് സർവിസ് നടത്തിയാൽ ലാഭകരമായിരിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാട് നഗരവികസന കർമസമിതി ചെയർമാൻ അഡ്വ. പി. അപ്പുക്കുട്ടൻ, ജനറൽ കൺവീനർ സി.കെ. ആസിഫ്, വൈസ് ചെയർമാൻ സി. യൂസഫ് ഹാജി, ടി. മുഹമ്മദ് അസ്ലം, അഡ്വ. എം.വി. ഭാസ്കരൻ, സൂര്യഭട്ട് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.