കാഞ്ഞങ്ങാട്: ‘എന്തിനാ മോനേ നിനക്ക് എന്റെ ഈ മുക്കുമാല’ നാരായണി അമ്മയുടെ ഒറ്റ ഡയലോഗിൽ അവർക്ക് തിരിച്ചുകിട്ടിയത് രണ്ടര ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണമാല. പൂച്ചക്കാട് തെക്കുപുറത്തെ പി. കുഞ്ഞിരാമന്റെ ഭാര്യ കെ. നാരായണിയാണ് (73) തന്ത്രപരമായ ഇടപെടലിലൂടെ പിടിച്ചുപറിക്കാരനില് നിന്നും സ്വർണമാല തിരിച്ചുപിടിച്ചത്. തെക്കുപുറം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം വിജനമായ റോഡിലൂടെ ശനിയാഴ്ച ഉച്ചക്ക് നടന്നുപോകുന്നതിനിടെയാണ് നാരായണി അമ്മയുടെ കഴുത്തിൽ നിന്നും ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേരിൽ ഒരാൾ സ്വർണമാല പൊട്ടിച്ചത്. ഈ സമയം പരിസരത്ത് ആരും ഉണ്ടായിരുന്നില്ലെന്നതു കൊണ്ടുതന്നെ ബഹളം വെച്ചാൽ സ്വർണമാല തിരിച്ചുകിട്ടില്ലെന്ന് നാരായണി അമ്മക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ തക്കസമയത്ത് നാരായണി അമ്മയെടുത്ത തന്ത്രപരമായ സമീപനമായിരുന്നു മാല തിരിച്ചുകിട്ടാൻ ഉപകരിച്ചത്.
മാല മോഷ്ടിച്ച് ഇരുചക്ര വാഹനത്തിൽ തിരിച്ചുപോകാൻ ഒരുങ്ങുന്നതിനിടെയാണ് നാരായണി അമ്മ ആ ഒറ്റ ഡയലോഗ് കാച്ചിയത്. എന്തിനാ മോനെ നിനക്ക് എന്റെ ഈ മുക്കുമാല. ഇത് കേട്ടപാതി മോഷ്ടാവ് നാലര പവൻ സ്വർണമാല റോഡിലേക്ക് വലിച്ചെറിഞ്ഞ് സ്ഥലം വിടുകയായിരുന്നു.. വീട്ടമ്മയിൽ നിന്നും മൊഴിയെടുത്ത് ബേക്കൽ പൊലീസ് കേസെടുത്ത് അമളി പറ്റിയ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മോഷ്ടാവിനെ പറ്റിച്ച് സ്വർണ മാലതിരിച്ച് വാങ്ങിയ നാരായണി അമ്മയാണ് ഇപ്പോൾ നാട്ടിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.