കാഞ്ഞങ്ങാട്: വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന പാലിയേറ്റിവ് രോഗികളുടെ പരിചരണത്തിനും മരുന്നുകൾ നൽകുന്നതിനുമായി കാഞ്ഞങ്ങാട് നഗരസഭ 39 ലക്ഷം നീക്കിവെച്ചു. പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി കാഞ്ഞങ്ങാട് നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷം നടത്തുന്ന പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്.
ഇത്രയും അധികം തുക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുന്ന അപൂർവം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് കാഞ്ഞങ്ങാട് നഗരസഭ. നിലവിൽ 43 വാർഡുകളിലായി 1444 പാലിയേറ്റിവ് രോഗികളാണ് നഗരസഭയിൽ ഉള്ളത്.
ഇവർക്ക് ആവശ്യമുള്ള മരുന്നുകൾ വാങ്ങുന്നതിന് 20 ലക്ഷം രൂപയും,10 സർജിക്കൽ കട്ടിലുകൾ, വീൽചെയർ, വാട്ടർ ബെഡ്, വാക്കിങ് സ്റ്റിക്ക് തുടങ്ങിയ പരിചരണ ഉപകരണങ്ങൾ വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും ബാക്കി തുക ഡയാലിസ്, കാൻസർ തുടങ്ങിയ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ആളുകളുടെ പരിചരണത്തിനുമാണ് ഉപയോഗിക്കുന്നത്.
പാലിയേറ്റിവ് രോഗികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു.പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത പാലിയേറ്റിവ് രോഗികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം നടന്നു. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. 33ാം വാർഡിലെ പാലിയേറ്റിവ് രോഗികൾക്ക് നൽകുന്നതിനായി ഉപകരണങ്ങൾ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനീശൻ ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. സരസ്വതി അധ്യക്ഷത വഹിച്ചു. നഗരസഭ പാലിയേറ്റിവ് നഴ്സ് ദീപ്തി സുനിൽ കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.