കാഞ്ഞങ്ങാട്: അടിസ്ഥാന വികസനം, പൊതുജന ക്ഷേമം എന്നിവക്ക് ഊന്നൽ നൽകി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്. 76,78,65,557 രൂപ വരവും 61,82,14,432 രൂപ ചെലവും 14,96,51,125 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയർമാൻ അബ്ദുല്ല ബിൽ ടെക് അവതരിപ്പിച്ചു. ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഫ്രണ്ട് ഓഫിസ് സംവിധാനം ആരംഭിക്കും. കുടുംബശ്രീയിൽ കഴിവും പ്രാപ്തിയുമുള്ള വളന്റിയർമാരെ കണ്ടെത്തി ഓഫിസിലെത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് ഭൗതിക സാഹചര്യം ഒരുക്കും. നഗരസഭയിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്കു പുറമേ സർക്കാർ നൽകുന്ന ഇ-ഗവേണൻസ് സർട്ടിഫിക്കറ്റുകൾ കൂടി ഫ്രണ്ട് ഓഫിസിൽ നിന്ന് ലഭ്യമാക്കും. കാർഷിക രീതിയിലെ വൈവിധ്യവത്കരണം, യന്ത്രവത്കരണം പുത്തൻ കൃഷിരീതികൾ എന്നിവയെ സംബന്ധിച്ച് കർമസേനക്ക് വിദഗ്ധ പരിശീലനം നടത്തും.
ഇതിനായി കാർഷിക സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി രൂപവത്കരിക്കുമെന്ന് ബജറ്റിൽ പറയുന്നു. കുടുംബശ്രീ സംരംഭക യൂനിറ്റുകൾ രൂപവത്കരിച്ച് സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കാൻ തെരഞ്ഞെടുത്ത കുടുംബശ്രീ യൂനിറ്റുകളിൽ കേരള ചിക്കൻ സ്റ്റാൻഡുകൾ അനുവദിക്കും. ഉൽപാദനത്തിൽ മിച്ചം വരുന്ന നഗരമാകാൻ പാൽ ഉൽപന്നങ്ങളുടെ ഉൽപാദനം വർധിപ്പിക്കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തൊഴുത്ത് നിർമിച്ചു നൽകും.
സ്കൂളുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കൽ, മെച്ചപ്പെട്ട പഠനപ്രക്രിയ ഉറപ്പാക്കാൻ സാമൂഹിക ബന്ധം സ്ഥാപിക്കൽ, തൊഴിൽ സംബന്ധമായ വിദ്യാഭ്യാസക്രമം നടപ്പാക്കൽ തുടങ്ങിയ നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും.
നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. അവയുടെ അടിസ്ഥാന വികസന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപ്പുവർഷം ഫണ്ട് വകയിരുത്തും. തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തൊഴിൽ ബാങ്ക് രൂപവത്കരിക്കുകയും അതുവഴി മെച്ചപ്പെട്ട തൊഴിൽ മേഖല സൃഷ്ടിക്കുകയും ചെയ്യും. ഡസംസ്ഥാന ബജറ്റിൽ നിർദേശിച്ച ഓപൺ സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തും. . നീലേശ്വരം നഗരസഭയുമായി ആലോചിച്ച് പാലാഴി ഷട്ടർ കം ബ്രിഡ്ജിൽ നിന്നു പൈപ്പ് ലൈൻ വഴി വാഴുന്നോറടി കുടിവെള്ള പദ്ധതിയിലെ ടാങ്കിൽ വെള്ളമെത്തിച്ച് നഗരസഭയുടെ വ്യത്യസ്ത ഭാഗങ്ങളിലെത്തിക്കും.
ഹോസ്ദുർഗ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തോട് ചേർന്നുള്ള പഴകി ദ്രവിച്ച കെട്ടിട സമുച്ചയങ്ങൾ പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടു കൂടിയ ഓഫിസ്, കോൺഫറസ് ഹാൾ നിർമിക്കുന്നത് ധനസഹായം തേടും. അർബുദ നിയന്ത്രണത്തിന്റെ ഭാഗമായി ഇ-ഹെൽത്ത് സോഫ്റ്റ് വെയർ ജില്ല മെഡിക്കൽ ഓഫിസുമായി സഹകരിച്ച് നടപ്പാക്കും. നഗരസഭാധ്യക്ഷ കെ.വി. സുജാത അധ്യക്ഷത വഹിച്ചു.
അജാനൂരിൽ മാലിന്യ സംസ്കരണത്തിനും ടൂറിസത്തിനും മുന്‍തൂക്കം
അജാനൂർ: ശുചിത്വ-മാലിന്യ സംസ്കരണത്തിന് മുന്‍തൂക്കം നല്കി അജാനൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ. സബീഷ് അവതരിപ്പിച്ചു. ശുചിത്വ - മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 51,00,000 രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഗാര്‍ഹികതലത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചികള്‍ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിനായി 500000 രൂപ അനുവദിച്ചു. ദ്രവമാലിന്യ സംസ്കരണത്തിനായി സോക്കേജ് പിറ്റുകള്‍, ചെറുകിട സെപ്റ്റേജ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് 3,50,000 രൂപ നീക്കിവെച്ചു.
ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ജില്ലയുടെ തന്നെ ഏറ്റവും മികച്ച ഹരിത കര്‍മസേനയെ വാര്‍ത്തെടുക്കുന്നതിനായി ഹരിത കര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്ക് 10,00,000 രൂപ നീക്കിവെച്ചു. ഹരിത കര്‍മസേന ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ ശേഖരിച്ചുവെക്കുന്നതിന് കൂടുതല്‍ മിനി എം.സി.എഫുകളും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതിനും 25 ലക്ഷം രൂപയും വകയിരുത്തി. എം.സി.എഫിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍, ചുറ്റുമതില്‍ നിർമാണം, സി.സി.ടി.വി കാമറകളുടെ സ്ഥാപനം, എം.സി.എഫിന്റെ സമീപത്തായി ഉദ്യാന നിർമാണം എന്നിവക്ക് 15,00,000 രൂപ നീക്കിവെച്ചു. ശുചിത്വ പരിപാടികളുടെ ഭാഗമായി ചിത്താരി പാലം മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെയുള്ള സംസ്ഥാന പാതയുടെ ശുചീകരണത്തിനായി 3,00,000 രൂപ ബജറ്റില്‍ വകയിരുത്തി. പൂത്താലിക്കുളം സംരക്ഷണത്തിനും ശുചീകരണത്തിനുമായി 2,50,000 രൂപയും വകയിരുത്തി. ടൂറിസം മേഖലയുടെ വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ടുലക്ഷം രൂപയാണ് മാറ്റിവെച്ചത്.
പഞ്ചായത്തിലെ അടോട്ട്, വെള്ളായി, രാവണേശ്വരം വയലുകളിലെ പക്ഷിസങ്കേതങ്ങളുടെ വികസനത്തിനായും പക്ഷിനിരീക്ഷണം സംബന്ധിച്ച പഠനങ്ങള്‍ക്കായും 1,00,000 രൂപ നീക്കിവെച്ചു. ചിത്താരിപ്പുഴയുടെ സംരക്ഷണത്തിനായി 2,00,000 രൂപ വകയിരുത്തി. സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കുന്നതിനായി 400000 രൂപ മാറ്റിവെച്ചു. ഡയാലിസിസ് രോഗികള്‍ക്ക് പ്രതിമാസം 4000 രൂപ വരെ ധനസഹായം അനുവദിക്കുന്നതിനായി 15,00,000 രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആയുര്‍വേദ ഡസ്പെന്സറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് 5,00,0000 രൂപ വകയിരുത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ നയപ്രഖ്യാപന പ്രസംഗം നടത്തി. കെ. മീന (വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ), കൃഷ്ണന് മാസ്റ്റര്‍ (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്), ഷീബ ഉമ്മര്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ) എന്നിവര്‍ സംസാരിച്ചു.
തൃക്കരിപ്പൂരിൽ ഉൽപാദന-സേവന മേഖലകള്‍ക്ക് ഊന്നല്‍
തൃക്കരിപ്പൂർ: ഉൽപാദന-സേവന മേഖലകള്‍ക്ക് ഊന്നല്‍ നല്കി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 30,36,76,325 രൂപ വരവും 28,13,85,344 രൂപ ചെലവും 2,22,90,981 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഉല്പാദന മേഖലയില്‍ 1,35,15,040 രൂപയും സേവന മേഖലയില്‍ 10,69,47,442 രൂപയും നീക്കിവെച്ചിട്ടുണ്ട്. പശ്ചാത്തല മേഖലയില്‍ 1,44,12,540 രൂപയും റോഡ് ആസ്തി സംരക്ഷണ പ്രവര്‍ത്തനത്തിന് 1,58,97,000 രൂപയും റോഡിതര ആസ്തി സംരക്ഷണത്തിന് 93,79,000 രൂപയും ബജറ്റില്‍ വകയിരുത്തി.
തൃക്കരിപ്പൂര്‍ ടൗണ്‍ നവീകരണത്തിനായി മാസ്റ്റര്‍പ്ലാന്‍, തൃക്കരിപ്പൂര്‍ ടൗണ്‍ ബ്യൂട്ടിഫിക്കേഷന് എന്നിവ നടപ്പിലാക്കും. ഹരിത കര്‍മസേനയുടെ സഹായത്തോടെ ക്ലീന്‍ തൃക്കരിപ്പൂര്‍ യാഥാര്‍ഥ്യമാകും. വെള്ളാപ്പ് എൻ.ആർ.എച്ച്.എം ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം പണിയും. ഇളമ്പച്ചി ഹോമിയോ ആശുപത്രി എം.എൽ.എ ഫണ്ടില്‍ പണിത പുതിയ കെട്ടിടത്തിലേക്ക് മാറും.
മൈത്താണി ജി.എൽ.പി സ്കൂള്‍, നടക്കാവ് കാറ്റാടി ഗ്രൗണ്ട്, ഒളവറ സങ്കേത സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പുതിയ മിനി സ്റ്റേഡിയം ബജറ്റിലുണ്ട്. മൊട്ടമ്മല്‍ എന്‍. മഹമൂദ് ഹാജി സ്മാരക സ്റ്റേഡിയം, ഇളമ്പച്ചി മിനി സ്റ്റേഡിയം, ആയിറ്റി മിനിസ്റ്റേഡിയം എന്നിവ നവീകരിക്കും. പഞ്ചായത്തിലെ തര്‍ക്ക പരിഹാരത്തിനായി പഞ്ചായത്തുതല സമിതി രൂപവത്കരിക്കും. തീരദേശ റോഡുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്പെഷല്‍ പദ്ധതി. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയും. എല്ലാ വീടുകളിലും ജൈവ കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. കെ. മീന (വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ), കൃഷ്ണന് മാസ്റ്റര്‍ (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്) എന്നിവര്‍ സംസാരിച്ചു.
ചെറുവത്തൂരിൽ കാര്‍ബണ്‍രഹിത പഞ്ചായത്ത് ലക്ഷ്യം
ചെറുവത്തൂർ: കാര്‍ഷിക മേഖല, കായിക മേഖല, പാര്‍പ്പിടം, കുടിവെള്ളം എന്നിവക്ക് മുന്‍ഗണന നല്കി ചെറുവത്തൂര്‍ പഞ്ചായത്ത് ബജറ്റ്. 30,25,51780- രൂപ വരവും 29,90,01,000- രൂപ ചെലവും 35,50,780 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രാഘവന് അവതരിപ്പിച്ചു.
ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിനുവേണ്ടി സ്ഥലമെടുക്കുന്നതിന് ഒരു കോടി രൂപയും കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയ ലൈഫ് ഭവനപദ്ധതിക്ക് ഒന്നരക്കോടി രൂപയും ബജറ്റില്‍ വകയിരുത്തി. എം.സി.എഫ് നിർമാണത്തിനായി 50 ലക്ഷം രൂപയും പുതിയ സംരംഭങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയും വകയിരുത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പത്ത് കോടി രൂപയാണ് അടുത്ത വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
വനിത-ശിശു-വയോജന ഭിന്നശേഷി എന്നിവര്‍ക്കായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ ആവശ്യമായ വകയിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ഉൽപാദന മേഖലയില്‍ 78 ലക്ഷം രൂപയും ചെറുവത്തൂര്‍ ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ രൂപരേഖക്കുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കാര്‍ബണ്‍ രഹിത പഞ്ചായത്തിന്റെ ആദ്യ നടപടിയായി സോളാര്‍ സംവിധാനം നടപ്പില്‍വരുത്തും. കായിക മേഖലയില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ നിരയിലാണ്. കായിക മേഖലയിലുള്ള സ്റ്റേഡിയത്തിന്റെ കുറവ് നികത്തുന്നതിനുവേണ്ടി സ്ഥലം വാങ്ങാന്‍ ഒരു കോടി രൂപയും വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.