കാഞ്ഞങ്ങാട്: വിഷു-ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പാളി. പരിഷ്കാരത്തിനായി കൊണ്ടുവന്ന ഒരു നിർദേശവും നടപ്പിലായില്ല. ആഘോഷ ദിവസങ്ങൾക്കു മുന്നോടിയായി മാത്രം നഗരസഭ നഗരത്തിൽ ഗതാഗത പരിഷ്കരണങ്ങൾ കൊണ്ടുവരുന്നതിലും രൂക്ഷ വിമർശനമുണ്ട്.
ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇക്ബാൽ ജങ്ഷനിൽനിന്നുതിരിയാൻ ഇടമില്ലാതെ വന്നതാണ് നിയന്ത്രണം തുടക്കത്തിൽ പാളാൻ ഇടയാക്കിയത്. പിന്നീട് ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ചെയ്ത ശേഷം വൈകീട്ടോടെയാണ് കോട്ടച്ചേരി ട്രാഫിക് സർക്കിൾ അടച്ച് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇത് ആദ്യഘട്ടത്തിൽ ഗതാഗതക്കുരുക്കിനും കാരണമായി. ഓട്ടോ അടക്കമുള്ള ചെറിയ വാഹനങ്ങൾക്ക് മലനാട് ഹോട്ടലിന് മുന്നിൽ യു ടേൺ സൗകര്യമൊരുക്കിയിരുന്നു. നിയന്ത്രണം വന്നതോടെ മാവുങ്കാൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇക്ബാൽ ജങ്ഷനിൽ പോയി തിരിച്ചുവന്ന് മാവുങ്കാൽ റോഡിൽ പ്രവേശിക്കണം. അതേസമയം മാവുങ്കാൽ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് നഗരത്തിലേക്കുവരുന്ന വാഹനങ്ങൾ സ്മൃതി മണ്ഡപത്തിന് സമീപമെത്തി തിരിച്ചുവരണമെന്ന നിർദേശത്തിനെതിരെ വ്യാപക പരാതികളുയർന്നു.
തെരുവുകച്ചവടത്തിനും നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. പഴയ കൈലാസ് തിയറ്റർ മുതൽ വ്യാപാര ഭവൻ വരെയുള്ള ഭാഗത്താണ് തെരുവുകച്ചവടക്കാർക്ക് അനുവദിച്ചത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് മുതൽ കോട്ടച്ചേരി ബസ് സ്റ്റാൻഡ് വരെ പത്ത് മിനിറ്റ് ഇടവിട്ട് കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തിയെങ്കിലും വിഷുനാളിലുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു. പട്ടണത്തിൽ പ്രധാന റോഡിനിരുവശവും രണ്ടുവരിപ്പാതയും ഇൻറർലോക്ക് പാകിയ സർവിസ് റോഡും നിർമിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്. പാർക്കിങ് നിയന്ത്രണം കർശനമായി നടപ്പാക്കാത്തതാണ് ഇതിന് പ്രധാന കാരണം.
കാഞ്ഞങ്ങാട്ടുനിന്നുവരുന്ന വാഹനം കോട്ടച്ചേരി സർക്കിളിൽ നിന്നുതന്നെ തിരിഞ്ഞുപോകുന്നു. ഗതാഗത പരിഷ്കരണത്തിൽ പറഞ്ഞതുപ്രകാരം ഇഖ്ബാൽ ജങ്ഷനിൽനിന്നായിരുന്നു തിരിഞ്ഞുപോകേണ്ടത്. നഗരത്തിലെ ഗതാഗത സംവിധാനം പരിഷ്‌കരിക്കാൻ രണ്ടര മാസം മുമ്പ് നടന്ന യോഗത്തിൽ തീരുമാനമായെങ്കിലും തുടർനടപടിയില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.