കാഞ്ഞങ്ങാട്: ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസിൽ കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ വാഹനം കോടതി ജപ്തി ചെയ്തു. ചെറുവത്തൂർ കാടങ്കോട്ടെ മല്ലക്കര കമലാക്ഷി വർഷങ്ങളായി നടത്തിവന്ന നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി നടപടി.1995 ൽ കമലാക്ഷിയുടെ ഇടതുകണ്ണിന് ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് ഈ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ടത് ശസ്ത്രക്രിയയിലെ പിഴവാണെന്ന് കാണിച്ച് കമലാക്ഷി ഹോസ്ദുർഗ് സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
1999ൽ ഫയൽ ചെയ്ത കേസിൽ 2018 ൽ വിധി വന്നു. 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും ഒരുവർഷം കഴിഞ്ഞും കോടതി വിധി നടപ്പിലായില്ല. 2019ൽ കമലാക്ഷി വീണ്ടും കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. ഹൈകോടതി അപ്പീൽ തള്ളിയതോടെ ജില്ല ആശുപത്രിയുടെ ജീപ്പ് കഴിഞ്ഞമാസം ജപ്തി ചെയ്തിരുന്നു.
പലിശയടക്കം നഷ്ടപരിഹാരത്തുക എട്ടുലക്ഷത്തോളം കമലാക്ഷിക്ക് നൽകണമെന്നിരിക്കെ 30,000 രൂപ വില വരുന്ന പ്രസ്തുത ജീപ്പ് വേണ്ടെന്ന് ഹരജിക്കാരി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ആർ.ഡി.ഒയുടെ സ്കോർപിയോ ജീപ്പ് ജപ്തി ചെയ്യാൻ ഹോസ്ദുർഗ് സബ് കോടതി ജഡ്ജി എം.സി. ബിജു ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.