ഹരിയാനയിലേക്ക് യാത്ര തിരിക്കാനായി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ജുൽഫിക്കറും കുടുംബവും  

ടിക്കറ്റ് എടുക്കാത്തതിന് ട്രെയ്നിൽനിന്ന് ഇറക്കിവിട്ടു, ഹരിയാന സ്വദേശികൾക്ക് തുണയായി സ്നേഹകൂട്ടായ്മ

കാഞ്ഞങ്ങാട്: ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് കാഞ്ഞങ്ങാട് സ്റ്റേഷനിൽ ഇറക്കിവിട്ട ഹരിയാന കുടുംബത്തെ നെഞ്ചോടു ചേർത്ത് കാഞ്ഞങ്ങാട് സ്നേഹ കൂട്ടായ്മ. ഹരിയാന മീററ്റ് സ്വദേശികളായ ജുൽഫിക്കറിനെയും ഭാര്യ അഫ്സാനയും മൂന്നുമക്കളെയുമാണ് ടിക്കറ്റില്ലാത്തതിനാൽ കഴിഞ്ഞ ദിവസം ടിക്കറ്റ് പരിശോധകൻ ഇറക്കിവിട്ടത്.

ഗ്ലാസ് കട്ടിങ് തൊഴിലാളിയായ ജുൽഫിക്കർ മുമ്പ് ജോലി ചെയ്തിരുന്ന എറണാകുളത്തെ കടയിൽ എത്തിയപ്പോൾ കടയുടമ ജോലിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് രണ്ടു മൂന്നു ദിവസം മറ്റിടങ്ങളിൽ അലഞ്ഞു. റൂമിനു വാടക നൽകിയും ഭക്ഷണം കഴിച്ചും കൈവശമുണ്ടായിരുന്ന കാശെല്ലാം തീർന്നു. നാട്ടിലേക്കു തിരിക്കാൻ മറ്റു മാർഗമില്ലാത്തതിനെ തുടർന്ന് ഇദ്ദേഹവും കുടുംബാഗങ്ങളും രണ്ടും കൽപിച്ച് ട്രെയ്നിൽ കയറി. ഇതിനിടെ കാഞ്ഞങ്ങാട് എത്താറായപ്പോഴാണ് ടിക്കറ്റ് പരിശോധകന്റെ ശ്രദ്ധയിൽപെട്ടത്.

ഇയാൾ ജുൽഫിക്കറിനെയും കുടുംബത്തെയും വെള്ളിയാഴ്ച രാത്രി എട്ടരയോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടു. എന്തു ചെയ്യണമെന്നറിയാതെ ഇവരുടെ ദയനീയാവസ്ഥ കണ്ട സമിർ ഡിസൈൻ കാര്യങ്ങൾ അന്വേഷിച്ചു. ഇതിനിടെ സിവിൽ ഡിഫൻസ് അംഗങ്ങളായ എം.കെ. ഷാജി, പ്രദീപ് കുമാർ എന്നിവരുടെ സഹായം തേടി. വിശന്നുവലഞ്ഞ ഇവർക്ക് നൗഷാദ്, ജാഫർ എന്നിവർ ഉടൻ ഭക്ഷണം നൽകി.

ഇതിനിടെ ഹോസ്ദുർഗ് പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് ഇൻസ്പെക്ടർ ഷൈനിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജ് സൗകര്യങ്ങൾ ഒരുക്കി. നാട്ടുകാരുടെ ചെറുതും വലുതുമായ സഹായത്താൽ ടിക്കറ്റിനും ഭക്ഷണത്തിനുമുള്ള കാശ് സ്വരൂപിച്ചു ഞായറാഴ്ച രാത്രിയോടെ നാട്ടിലേക്ക് യാത്രയാക്കിയത്.

Tags:    
News Summary - kanhangad Sneha Koottayam helps Haryana natives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.