കാഞ്ഞങ്ങാട്: ഇതര രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലും പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബി.എഫ്- 7ന് വ്യാപനശേഷി കൂടുതലായതിനാലും ജില്ലയില്‍ രോഗവ്യാപന സാധ്യത മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു.
ക്രിസ്മസ്-പുതുവത്സര ആഘോഷ പരിപാടികളിലും അവധിക്കാല ആഘോഷങ്ങളിലും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപന സാധ്യത ഉള്ളതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.
കോവിഡ് പുതിയ വകഭേദങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല-ജനറല്‍ ആശുപത്രികളില്‍ ആര്.ടി.പി.സി.ആര് പരിശോധനയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളില്‍ ആന്റിജന്‍ പരിശോധന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിർദേശങ്ങള്‍ക്ക് അനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറണമെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാൻ ആര്.ആര്.ടി യോഗം ചേർന്നു. ആശുപത്രികളിലെ കിടക്കകള്‍ ഉള്‍പ്പെടെ ഭൗതിക സാഹചര്യങ്ങളുടെ അവലോകനവും നടത്തി. ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മാസ്ക് ശാസ്ത്രീയമായി വായും മൂക്കും മൂടത്തക്കവിധം ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കാനും ആള്‍ക്കൂട്ടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ശ്രദ്ധിക്കണം. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതല്‍ വേണം. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്സിന് എടുക്കാത്ത എല്ലാവരും വാക്സിന് എടുക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്.
സ്വയംചികിത്സ അരുത്. എത്രയും പെട്ടെന്ന് ആശുപത്രികളില്‍ ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കുകയും ചികിത്സ തേടുകയും ചെയ്യണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.