കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിൽ 10 മണിക്കൂർ തുറന്നിട്ടിരിക്കുന്ന പനി ക്ലിനിക്കുണ്ട്. നിത്യവും പനി ക്ലിനിക്കിലെത്തുന്ന ആയിരത്തിലേറെ പേരെ പരിശോധിക്കാൻ ആകെയുള്ളത് ഒരു ഡോക്ടർ. നാട് പനിച്ചു വിറക്കുമ്പോൾ ജില്ല ആശുപത്രി പനി ക്ലിനിക്കിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതുമൂലം രോഗികൾ അനുഭവിക്കുന്ന ദുരിതത്തിന് കൈ യും കണക്കുമില്ല. രാവിലെ എട്ടുമുതൽ രാത്രി എട്ടുമണി വരെ പനി ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. ഒരു മണി വരെ ക്ലിനിക്കിൽ ഒരു ഡോക്ടർക്കാണ് ഡ്യൂട്ടി. ഡോക്ടർ എത്തുംമുമ്പേ അറ്റം കാണാത്ത ക്യൂ രൂപപ്പെട്ടിരിക്കും. ഉച്ചക്ക് രണ്ടുമുതൽ ഏഴുമണി വരെ മറ്റൊരു ഡോക്ടർ ഡ്യൂട്ടിക്കെത്തും.
ഒ.പി ടിക്കറ്റ് എടുക്കുന്നത് മുതൽ രോഗികളുടെ കഷ്ടപ്പാടാണ്. ഒ.പി ടിക്കറ്റിന് മണിക്കൂർ ക്യൂ നിൽക്കണം. കടുത്ത അവശതയിലുള്ള രോഗിക്ക് ക്യൂവും ദുരിതമായി. ടിക്കറ്റ് തരപ്പെട്ടാൽ തന്നെ അടുത്ത ക്യൂ ഡോക്ടറെ കാണാനായി. രണ്ടും മൂന്നും മണിക്കൂർ ക്യൂവിൽ തള്ളി നീങ്ങി ഡോക്ടറെ കണ്ട് കഴിഞ്ഞാൽ അടുത്ത ക്യൂ ലാബ് പരിശോധന മുറിക്ക് മുന്നിൽ. ലാബ്പ രിശോധന കഴിഞ്ഞാൽ പിന്നെ ഇതിന്റെ ഫലം കിട്ടാനായി അടുത്ത കാത്തിരിപ്പ്. ഫലം കിട്ടിയാൽ അത് ഡോക്ടറെ കാണിക്കുന്നതിന് വീണ്ടും വരി നിൽക്കണം. എന്നിട്ടും തീരുന്നില്ല രോഗിയുടെ ദുരിതം . ഡോക്ടർ കുറിച്ചു തന്ന മരുന്ന് കിട്ടണമെങ്കിൽ വീണ്ടും മെഡിക്കൽ ഷോറൂമിന് മുന്നിൽ കാത്തുകെട്ടി കിടക്കണം.
അഞ്ചും ആറും മണിക്കൂർ ദുരിതമനുഭവിച്ചാൽ മാത്രമേ ജില്ല ആശുപത്രിയിൽ പനി ചികിത്സക്കെത്തുന്ന രോഗിക്ക് ആശുപത്രി വിടാനാകൂവെന്ന് ചുരുക്കം. രാത്രി ഏഴുമണിക്കു ശേഷവും നിരവധി പനി രോഗികൾ സർക്കാർ ആതുരാലയത്തിലെത്തുന്നുണ്ട്. രാത്രിയെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണണമെങ്കിൽ അത്യാഹിത വിഭാഗത്തിന് മുന്നിൽ കാത്തുകെട്ടിക്കിടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.