തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെ ആവശ്യപ്പെട്ട് ഇന്ന് കോടതിയെ സമീപിക്കും

കാഞ്ഞങ്ങാട്: പടന്നക്കാട്ടെ വീട്ടിൽനിന്ന് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കാഞ്ഞങ്ങാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി സലീമിനെ (38) കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. അഞ്ചുദിവസം കസ്റ്റഡിയിലാവശ്യപ്പെട്ട് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിലാണ് അപേക്ഷ നൽകുക.

സംഭവ സ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച മുടി ഉൾപ്പെടെയുള്ളവയുമായി ഒത്തുനോക്കുന്നതിനായി പ്രതിയുടെ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനും കോടതിയിൽ അപേക്ഷ നൽകും. കണ്ണൂരിലെ ലാബിലേക്ക് നേരത്തേ ശേഖരിച്ച വസ്തുക്കൾ പരിശോധനക്കയച്ചിരുന്നു. പ്രതിയുടെ കൈവശം ചെറിയ ടോർച്ച് ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ മൊഴിയുണ്ടായിരുന്നു. ഈ ടോർച്ച് പൊലീസ് പ്രതിയുടെ ബാഗിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

കസ്റ്റഡിയിൽ ലഭിച്ചശേഷം പ്രതിയെ, പെൺകുട്ടിയിൽനിന്ന് കവർന്ന ആഭരണം വിൽപന നടത്തിയ കൂത്തുപറമ്പിലെ ജ്വല്ലറിയിലേക്ക് കൊണ്ടുപോകും. 6000 രൂപക്ക് ആഭരണം വിൽപന നടത്തിയതിന്റെ ബില്ലും പ്രതിയുടെ ബാഗിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ സ്വർണം വിൽക്കാൻ സഹായിച്ചത് ബന്ധുവായ സ്ത്രീയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവം പുറത്തറിയുന്നതിന് മുമ്പായിരുന്നു രാവിലെ സ്ത്രീ സ്വർണം വിൽക്കാൻ പ്രതിക്കൊപ്പം കൂത്തുപറമ്പിലേക്ക് പോയത്. സ്ത്രീ കേസിൽ പ്രതിയാകുമോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. 

Tags:    
News Summary - Kidnapping Incident- The accused will be approached the court on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.