കാഞ്ഞങ്ങാട്: കോവിഡ് കാലത്ത് കിറ്റ് പാക്ക് ചെയ്ത കൂലി ലഭിക്കാൻ മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ സപ്ലൈകോ ഓഫിസിനു മുന്നിൽ ധർണ നടത്തി. ചൊവ്വാഴ്ച രാവിലെയാണ് സമരം നടന്നത്. നർക്കിലക്കാട് സ്വദേശികളാണ് കാഞ്ഞങ്ങാട് സപ്ലൈകോ ഡിപ്പോക്ക് മുന്നിൽ ധർണ നടത്തിയത്. ജനാധിപത്യ മഹിള അസോസിയേഷൻ നർക്കിലക്കാട്, എളേരി വില്ലേജ് കമ്മിറ്റികളുടെ സഹായത്തോടെയാണ് പണം ലഭിക്കാനുള്ളവർ സമരത്തിനിറങ്ങിയത്. രാവിലെ 10 മുതൽ സമരം ആരംഭിച്ചു.
കോവിഡ് കാലത്ത് ആദ്യം സൗജന്യമായി ആയിരുന്നു ഇവർ കിറ്റുകൾ തയാറാക്കി നൽകിയത്. പിന്നീട് ഇവർക്ക് കൂലി നിശ്ചയിച്ചു. ഇതു പ്രകാരം മാസങ്ങളോളം ഇവർ കിറ്റുകൾ തയാറാക്കുകയും വിവിധ ഭാഗങ്ങളിലെ റേഷൻ കടകളിൽ എത്തിക്കുകയും ചെയ്തിരുന്നു. കിറ്റ് നിർമിച്ച കൂലിക്കുപുറമേ ഓരോ കിറ്റിനും രണ്ടു രൂപ വീതം റേഷൻ കടകളിൽ എത്തിച്ചതിന് നൽകുമെന്നായിരുന്നു വാഗ്ദാനം.
കിറ്റ് തയാറാക്കിയതിന്റെ കൂലി ആവശ്യപ്പെട്ട് ഇവർ മാസങ്ങളോളം സപ്ലൈകോ ഡിപ്പോയിലെ വിവിധ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് മടക്കുകയായിരുന്നു. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മഹിള അസോസിയേഷന്റെ സഹായത്തോടെ ഇവർ സമരത്തിനിറങ്ങിയത്. ഒന്നര ലക്ഷത്തിലേറെ രൂപയാണ് സപ്ലൈകോയിൽ നിന്നും ഇവർക്ക് ലഭിക്കാനുള്ളത്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം വി.വി. പ്രസന്നകുമാരി ധർണ ഉദ്ഘാടനം ചെയ്തു. എ.വി. ശാന്ത അധ്യക്ഷത വഹിച്ചു. ബിന്ദു മുരളി, ടി.കെ. ചന്ദ്രമ്മ, കെ.പി. ലക്ഷ്മി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.