കാഞ്ഞങ്ങാട്: റിമാൻഡിൽ കഴിയുന്ന കോട്ടച്ചേരി സഹകരണ ബാങ്ക് സ്വർണപ്പണയ തട്ടിപ്പ് കേസിൽ പ്രതിയായ ബാങ്ക് ശാഖാ മാനേജറെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ബാങ്കിന്റെ മഡിയൻ ശാഖ മാനേജർ ടി. നീനയെ കേസിന്റെ കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കേസന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ വേലായുധനാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. പൊലീസ് അപേക്ഷ പരിഗണിച്ച കോടതി നീനയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി.
നീനയെ വ്യാഴാഴ്ച തന്നെ കസ്റ്റഡിയിൽ വിട്ടുനൽകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കസ്റ്റഡിയിൽ ലഭിക്കുന്ന പക്ഷം ബാങ്കിലുൾപ്പെടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ചോദ്യംചെയ്ത് നഷ്ടപ്പെട്ട പണം കണ്ടെത്തേണ്ടതുണ്ട്. ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും പൊലീസിന് മുന്നിൽ ഹാജരാകാനാണ് കോടതി നീനക്ക് നിർദേശം നൽകിയത്. ചൊവ്വാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐക്ക് മുന്നിൽ കീഴടങ്ങിയത്.
തുടർന്ന് ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം ഉപയോഗിച്ച് നീന വീണ്ടും പണം തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്കിന്റെ മഡിയൻ ശാഖയിലാണ് തട്ടിപ്പ് നടന്നത്. 60 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നീനയെ ബാങ്ക് സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.