കാഞ്ഞങ്ങാട്: പ്രമാദമായ കോട്ടച്ചേരി സർവിസ് സഹകരണ ബാങ്കിലെ അരക്കോടി രൂപവരുന്ന സ്വർണത്തട്ടിപ്പ് കേസിൽ ഒരു സ്ത്രീയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് വടകര മുക്കിലെ ഇബ്രാഹിമിന്റെ ഭാര്യ നസീമയാണ് (55) അറസ്റ്റിലായത്. ഹോസ്ദുർഗ് എസ്.ഐ കെ. വേലായുധനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി 14 ദിവസത്തേക്ക് നസീമയെ റിമാൻഡ് ചെയ്തു. കോട്ടച്ചേരി സർവിസ് സഹകരണ ബാങ്കിന്റെ മാണിക്കോത്ത് മഡിയൻ ശാഖയുടെ വനിത മാനേജർ അടമ്പിൽ സ്വദേശിനി ടി. നീനയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ നീനയെ കഴിഞ്ഞദിവസം കോടതി ജാമ്യത്തിൽ വിട്ടയച്ചു. മുഖ്യപ്രതി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ നസീമയെ അറസ്റ്റ് ചെയ്തത്.
ബാങ്കിൽ ഇടപാടുകാർ പണയപ്പെടുത്തിയ അരക്കോടിയിലേറെ രൂപയുടെ സ്വർണം മറിച്ച് ഇതേ ബാങ്കിൽ വീണ്ടും പണയപ്പെടുത്തി പണം തട്ടിയതായാണ് കേസ്. കേസിൽ നീനയേയും നസീമയെയും കൂടാതെ മറ്റു ചിലർകൂടി പ്രതികളായിട്ടുണ്ട്. മാനേജറായിരുന നീനയാണ് കേസിലെ മുഖ്യപ്രതി. ബാങ്ക് ലോക്കറിൽനിന്ന് നീന കൈക്കലാക്കിയ സ്വർണാഭരണങ്ങൾ നസീമ ഇതേ ബാങ്കിന്റെ ശാഖയിൽ വീണ്ടും പണയപ്പെടുത്തി 24 ലക്ഷത്തിലേറെ രൂപ കൈക്കലാക്കിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ തുക അത്രയും നസീമ ഇതേ ബാങ്കിന്റെ വടകരമുക്കിലെ ശാഖയിൽ തന്റെ പേരിലുണ്ടായിരുന്ന മറ്റൊരു വായ്പത്തുക 24 ലക്ഷം രൂപ അടച്ചുതീർത്തതായും അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നസീമയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.