കാഞ്ഞങ്ങാട്: കുടിയേറ്റ ടൗണുകളിലേക്ക് പുതിയ വഴികൾ തുറക്കുമ്പോൾ ആദ്യമുയരുന്ന ആവശ്യം കെ.എസ്.ആര്.ടി.സി സര്‍വിസ് അനുവദിക്കണമെന്നതാണ്. കാലങ്ങൾക്കുശേഷം കാഞ്ഞങ്ങാട്ട് പുതിയൊരു ഡിപ്പോ കൂടി വന്നിട്ടും മലയോര സര്‍വിസുകളുടെ എണ്ണത്തില്‍ മാത്രം വര്‍ധനയുണ്ടായില്ല.
കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്ന് മിക്കവാറും ബസുകളും ഓടിത്തുടങ്ങിയിട്ടും മലയോര സര്‍വിസുകളില്‍ പലതും തുടങ്ങുന്ന കാര്യത്തില്‍ മെല്ലെപ്പോക്കിലാണ്.
ബസുകളേതെങ്കിലും ബാക്കിയുണ്ടെങ്കില്‍ മാത്രം മലയോര സര്‍വിസുകള്‍ നടത്തിയാല്‍ മതി എന്ന നിലപാടിലാണ് അധികൃതര്‍. പുലര്‍ച്ച 4.15ന് പാണത്തൂരില്‍നിന്ന് പുറപ്പെട്ട് പനത്തടി, മാലക്കല്ല്, രാജപുരം, ഒടയംചാല്‍ വഴി 5.30ന് കാഞ്ഞങ്ങാട്ട് എത്തിയിരുന്ന ബസ് കോവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയതോടെ നിലച്ചു. രാവിലെ പരശുറാം എക്സ്പ്രസിന് തെക്കന്‍ ജില്ലകളിലേക്ക് പോകാനുള്ളവര്‍ ദീര്‍ഘകാലമായി ആശ്രയിച്ചിരുന്ന ബസായിരുന്നു ഇത്. ഇപ്പോള്‍ ട്രെയിനുകള്‍ ഏറക്കുറെ പഴയപടിയായിട്ടും ബസ് മാത്രം തുടങ്ങിയില്ല. പാണത്തൂരില്‍നിന്ന് പുലര്‍ച്ച അഞ്ചിന് പുറപ്പെട്ട് ബന്തടുക്ക വഴി കാസര്‍കോട്ടേക്ക് സര്‍വിസ് നടത്തിയിരുന്ന ബസും കോവിഡിനുശേഷം ഓടിയിട്ടില്ല.
നര്‍ക്കിലക്കാടുനിന്ന് പുലര്‍ച്ച 4.30ന് പുറപ്പെട്ട് അടുക്കം, നീലേശ്വരം വഴി കണ്ണൂരിലേക്കുള്ള ബസ്, കാഞ്ഞങ്ങാട്-ചെറുപുഴ-മാലോം-കാറ്റാംകവല, ചീക്കാട്-മംഗളൂരു, ഇരിട്ടി-മംഗളൂരു, ഉദയഗിരി-മംഗളൂരു തുടങ്ങിയ സര്‍വിസുകളും ഇനി എന്നു തുടങ്ങുമെന്ന് പറയാന്‍ കഴിയുന്നില്ല. കാഞ്ഞങ്ങാട്-ബംഗളൂരു, പെര്‍ള-കുമളി ഉള്‍പ്പെടെ അടുത്തിടെ പുനരാരംഭിച്ച മലയോര സര്വിസുകളിലെല്ലാം മികച്ച കലക്ഷനാണ് ലഭിക്കുന്നത്. രാത്രികാലത്തും പുലര്‍ച്ചയുമുള്ള സര്‍വിസുകള്‍ പുനരാരംഭിക്കാത്തത് മലയോരത്തുനിന്നും ദൂരസ്ഥലങ്ങളില്‍ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ പിടിക്കാനുള്ള യാത്രക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.