കാഞ്ഞങ്ങാട്: ലോക്ഡൗണിൽ നാടുനീളെ മദ്യശാലകൾ അടഞ്ഞുകിടക്കുമ്പോഴും നാട്ടിലെ മുക്കിലും മൂലയിലുമടക്കം വിദേശ മദ്യവും വ്യാജചാരായവും ആവശ്യക്കാർക്ക് വീട്ടുപടിക്കൽ എത്തിച്ചു നൽകാൻ മദ്യമാഫിയകൾ സജീവം. വിവിധ കേസിലടക്കംപെട്ട പ്രതികളാണ് മിക്കവരും. ഇതിനു പിന്നണിയിൽ പ്രവർത്തിക്കുന്നവർ കൈനനയാതെ മീൻ പിടിക്കുകയാണ്.
അയൽ സംസ്ഥാനത്ത് അമ്പതു രൂപ വിലയുള്ള പാക്കറ്റ് മദ്യം (ഫ്രൂട്ടി രൂപത്തിൽ) മെയിൻ ഏജൻറിനു കൈമാറുന്നത് ഒന്നിന് 80 മുതൽ 110 രൂപവരെ വാങ്ങിയാണ്. അവിടെനിന്ന് ഇടനിലക്കാർ മത്സരബുദ്ധിയോടെയാണ് പിന്നീട് വില നിശ്ചയിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നത്. തീരമേഖലയിലും നഗരങ്ങളിലും മലയോരങ്ങളിലും വ്യാജമദ്യവും വിദേശ മദ്യവും യഥേഷ്ടം കിട്ടുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് കൊളവയലിലെ പോസ്റ്റ് ഓഫിസിനു സമീപത്തെ വാടക ക്വാർട്ടേഴ്സിനു മുകളിൽനിന്നും ആയിരം പാക്കറ്റ് മദ്യം പൊലീസ് പിടിച്ചെടുത്തു. ചട്ടഞ്ചാൽ തെക്കിൽ സ്വദേശി അബ്ദുറഹ്മാനെ(50) ഹോസ്ദുർഗ് ഇൻസ്പെക്ടർ പി.കെ. മണി അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം ഇന്നലെ വൈകീട്ട് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. മണിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. കൊളവയലിലെ ഫാത്തിമ ക്വാർട്ടേഴ്സിനു മുറിയിൽ വിൽപനക്കായി സൂക്ഷിച്ച 180 മില്ലി ലിറ്ററിെൻറ 1005 പാക്കറ്റ് കർണാടക നിർമിത വിദേശമദ്യമാണ് പിടികൂടിയത്. കാഞ്ഞങ്ങാട്ട് കാറിൽ കടത്തിയ 179.16 ലിറ്റർ കർണാടക മദ്യം എക്സൈസ് സംഘം പിടികൂടി. കാറിൽ കടത്തിക്കൊണ്ടുവന്ന 179.16 ലിറ്റർ കർണാടക മദ്യം എക്സൈസ് സംഘം തിങ്കളാഴ്ച രാത്രി പിടികൂടിയിരുന്നു.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറിെൻറ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കാഞ്ഞങ്ങാട് തെരുവത്ത് - കാരാട്ട് വെച്ചാണ് ടാറ്റ ഇൻഡിഗോ കാറിൽ നിന്നും 179.16 ലിറ്റർ കർണാടക നിർമിത മദ്യം കണ്ടെടുത്തത്. സംഭവത്തിൽ തോയമ്മൽ കണ്ടത്തിൽ ഹൗസിൽ ചന്ദ്രെൻറ മകൻ നിതീഷിനെതിരെ (32) അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. തത്സമയം പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. പരിശോധന സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. സജിത്ത്, പ്രിവൻറിവ് ഓഫിസർ സതീശൻ നാലുപുരക്കൽ, സിവിൽ എക്സൈസ് ഓഫിസർമാരായ എ. ശ്രീകാന്ത്, സാജൻ അപ്യാൽ, എം.എം. അഖിലേഷ് എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.