കാഞ്ഞങ്ങാട്: കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ മലയോര മേഖലകളെ ബന്ധപ്പെടുത്തി കൂടുതൽ സർവിസുകൾ തുടങ്ങണമെന്നുള്ള ആവശ്യം ശക്തമാകുന്നു. രാവിലെയുള്ള ബളാൽ, മാനന്തവാടി സർവിസുകളിൽ യാത്രക്കാരെ കയറ്റാൻ കഴിയാത്തത്ര തിരക്കനുഭവപ്പെടുന്നതിനാൽ യാത്രക്കാരെ ഒഴിവാക്കുന്ന അവസ്ഥയാണ്.
ബളാൽ- മാനന്തവാടി സർവിസിൽ വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കൽ, ചെറുപുഴ എന്നീ സ്റ്റോപ്പുകൾ എത്തുമ്പോഴേക്കും ബസിൽ സീറ്റില്ലാതാവും. കൊട്ടിയൂർ, മാനന്തവാടി ഭാഗത്തേക്കുള്ള യാത്രക്കാർ നിന്ന് പോകേണ്ട അവസ്ഥയാണ്. ആലക്കോട് കഴിയുമ്പോഴേക്കും ബസിൽ യാത്രക്കാരെ കുത്തിനിറച്ച നിലയിലാകും.
ഇതേതുടർന്ന് ജീവനക്കാർ ബസ് നിർത്താതെ പോകേണ്ട നിസ്സഹായാവസ്ഥയിലാണ്. രാവിലെ വയനാട്ടിലേക്കും, കൊട്ടിയൂർ, പേരാവൂർ, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകേണ്ടവർ ബസ് കാത്തുനിന്ന് നിരാശരായി മറ്റ് മാർഗങ്ങൾ തേടേണ്ടി വരുന്നതും പതിവാണ്. അല്ലെങ്കിൽ യാത്ര മതിയാക്കി തിരിച്ചു പോകേണ്ട സ്ഥിതിയാണ്.
ഈ അവസ്ഥക്ക് പരിഹാരം കാണാൻ കാഞ്ഞങ്ങാട്, മാനന്തവാടി ഡിപ്പോകളിൽ നിന്ന് ബന്ധപ്പെടുത്തി കൂടുതൽ സർവിസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി. രാജു അധികൃതർക്ക് നിവേദനം നൽകി.
ബളാൽവരെ ഓടുന്ന മാനന്തവാടിയിൽ നിന്നുള്ള സർവിസ് എട്ടു കിലോമീറ്റർ മാത്രമുള്ള രാജപുരംവരെ നീട്ടാൻ ഒരുവർഷം മുമ്പുതന്നെ വിവിധ സംഘടനകൾ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ക്കും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നു. എന്നിട്ടും അടിയന്തര പ്രാധാന്യം നൽകി സർവിസ് നീട്ടാനുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.