കാഞ്ഞങ്ങാട് : ഭർതൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി പിതാവ് ബേക്കൽ ഡിവൈ.എസ്.പി സി.കെ.സുനിൽ കുമാറിന് പരാതി നൽകി. ബേഡകം കരിവേടകം ശങ്കരം പാടിതവനത്തെ അഷ്ക്കറിന്റെ ഭാര്യ മുഹ്സിന (24) യുടെ മരണത്തിൽ സംശയമുന്നയിച്ച് പിതാവ് പള്ളിപ്പുഴയിലെ എൻ.പി. മുഹമ്മദാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി നൽകിയത്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അപകടപ്പെടുത്തിയതാണെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ അഞ്ചിന് രാവിലെയാണ് യുവതിയെ ശങ്കരംപാടിയിലെ ഭർതൃഗ്യഹത്തിൽ മരിച്ചനിലയിൽ കണ്ടത്. കിടപ്പുമുറിയിൽ തൂങ്ങിയ യുവതിയെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെന്നും മരിച്ചെന്നും അഷ്കറും വീട്ടുകാരും അറിയിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മരിക്കുന്നതിന് തലേദിവസം മുഹ്സിന ഫോണിൽ വിളിച്ച് ഭർതൃവീട്ടിൽനിന്ന് തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നും ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞതായി പിതാവ് പരാതിയിൽ വ്യക്തമാക്കി. മൂന്ന് വർഷം മുമ്പ് വിവാഹിതയായ മകൾ ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായതായും പറയുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
യുവതിക്ക് രണ്ട് വയസ്സുള്ള മകളുണ്ട്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവികമരണത്തിന് കേസെടുത്തു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.