ദേശീയ കബഡി ചാമ്പ്യൻഷിപ്: സംസ്ഥാന ടീമിലെ മികച്ച കളിക്കാരനെ തിരിച്ചയച്ചുകാഞ്ഞങ്ങാട്: ദേശീയ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ സംസ്ഥാന ടീമിലെ മികച്ച കളിക്കാരനെ മത്സരം നടന്ന സംസ്ഥാനത്തേക്ക് കൊണ്ടുപോയി മത്സരത്തിൽ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചത് വിവാദമായി. കളിക്കാരനെ ആദ്യം മുതൽക്കെ ടീമിൽ ഉൾപ്പെടുത്തിയിട്ടും അവസാന നിമിഷം തഴഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്. കോഓഡിനേഷൻ കമ്മിറ്റി ഇതിനെതിരെ കടുത്ത പ്രതിഷേധമുയർത്തി രംഗത്തുവന്നു. വണ്ടിക്കൂലിപോലും നൽകാതെ അധികൃതർ താരത്തെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അച്ചാംതുരുത്തി ഇന്ദിര യൂത്ത് ക്ലബിന്റെ താരവും ജില്ലയുടെ ക്യാപ്റ്റനുമായിരുന്ന വിഷ്ണുവാണ് അപമാനിതനായി നാട്ടിൽ തിരിച്ചെത്തിയത്.
ഹൈദരാബാദിലാണ് ദേശീയമത്സരം നടന്നത്. സംസ്ഥാന ടീമിലേക്ക് വിഷ്ണു ഉൾപ്പെടെ 12 പേരെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, മറ്റൊരു താരത്തെ തഴഞ്ഞു എന്ന ആക്ഷേപമുണ്ടായതോടെ ഈ താരത്തെയും ഉൾപ്പെടുത്തിയാണ് സെലക്ഷൻ ടീം ഹൈദരാബാദിലേക്ക് വണ്ടികയറിയത്. മികച്ച കളിക്കാരനെ തഴഞ്ഞത് വിവാദമായതോടെയായിരുന്നു പതിമൂന്നാമനെയും ഉൾപ്പെടുത്തിയത്. മത്സരം ആരംഭിച്ചപ്പോൾ ആദ്യം ടീമിലുണ്ടായിരുന്ന വിഷ്ണുവിനെ ഒഴിവാക്കുകയായിരുന്നു. മികച്ചപ്രകടനം കാഴ്ചവെച്ച വിഷ്ണുവിനെ ബലിയാടാക്കി തിരിച്ചെത്തിയത് താരങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയർത്തിയിട്ടുണ്ട്.
കളത്തിലിറങ്ങാൻ 12 അംഗങ്ങൾ മാത്രമേ ആവശ്യമുള്ളൂവെന്നറിയാവുന്ന ടെക്നിക്കൽ കമ്മിറ്റി പതിമൂന്നാമനെ എന്തിന് കൊണ്ടുപോയെന്നാണ് കളിക്കാരുടെയിടയിൽനിന്ന് ഉയരുന്ന ചോദ്യം. 12 അംഗങ്ങളെ നിശ്ചയിച്ച് നാട്ടിൽ നിന്നുതന്നെ പ്രശ്നം പരിഹരിച്ച് ഹൈദരാബാദിലേക്ക് വണ്ടികയറാതെ കളിക്കാരനെ അപമാനിച്ച സംഭവത്തിൽ താരങ്ങൾ പ്രതിഷേധിച്ചു. ജില്ലക്കാരനായ ഒരു പ്രമുഖതാരം ഉൾപ്പെട്ട കമ്മിറ്റിയാണ് ചട്ടങ്ങൾ അറിയാമെന്നിരിക്കെ സമ്മർദത്തിന് വഴങ്ങി മറ്റൊരു കളിക്കാരനെ അപമാനിച്ചതെന്നാണ് പരാതി.
സ്പോർട്സ് കൗൺസിൽ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കമ്മിറ്റി ഭാരവാഹികൾ, തിരിച്ചെത്തിയ വിഷ്ണുവിനെ റെയിൽവേ സ്റ്റേഷനിലെത്തി സ്വീകരിക്കുകയും പ്രതിഷേധ പരിപാടി നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.