കാഞ്ഞങ്ങാട്: പാണത്തൂർ സംസ്ഥാനപാതയിൽ നെല്ലിത്തറയിൽ യുവാവിനെ വടിവാൾകൊണ്ട് കാലിനു വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നാല് പ്രതികളും റിമാൻഡിൽ. ബുധനാഴ്ച രാത്രി പൊലീസിൽ കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
വ്യാഴാഴ്ച വൈകീട്ടാണ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളായ മനു രാജ്, അജിത്ത്, നിധീഷ്, അനുരാജ് എന്നിവരാണ് 14 ദിവസത്തേക്ക് റിമാൻഡിലായത്. കോപ്പാറ ഭാഗങ്ങളിലുള്ളവരാണ് പ്രതികൾ. കേസിൽ രണ്ടു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്. കോട്ടപ്പാറ കൊടവലത്തെ
ചന്ദ്രനെയാണ് വധിക്കാൻ ശ്രമിച്ചത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്കൊപ്പം കാഞ്ഞങ്ങാടുനിന്നും വീട്ടിലേക്ക് മോട്ടോർ ബൈക്കിൽ പോകവെ ബൈക്കുകളിൽ എത്തിയ ആറംഗസംഘം ചന്ദ്രനെ ബൈക്കിൽ നിന്നും തള്ളി താഴെയിട്ടു വാൾകൊണ്ട് കാലിനു വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഭാര്യക്കും മർദനമേറ്റു.
ഗൾഫിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിലായിരുന്നു ചന്ദ്രന് നേരെ ആക്രമണം നടത്തിയത്. ചന്ദ്രന്റെ മകനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് ഇതേ പ്രതികളിൽപ്പെട്ടവർക്കെതിരെ അമ്പലത്തറ പൊലീസിൽ മറ്റൊരു കേസും നിലനിൽക്കുന്നുണ്ട്. പ്രതികൾ കീഴടങ്ങിയതിന് പിന്നാലെ കൃത്യം നടത്തുന്ന സമയം പ്രതികൾ സഞ്ചരിച്ച മൂന്ന് മോട്ടോർ ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം കൂടുതൽ ചോദ്യംചെയ്യുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.