കാഞ്ഞങ്ങാട്: മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനിയായ യുവതിയെ ബേക്കൽ പൊലീസ് കുടുക്കിയത് നൈജീരിയയിൽനിന്നുള്ള മൊബൈൽ വാട്സ് ആപ് നമ്പർ. ഫഹ റഹിയാനത്ത് ഉസ്മാൻ എന്ന ബ്ലെസിങ് ജോയിയെ (22) കുറിച്ച് പൊലീസ് അന്വേഷണ സംഘത്തിന് ഒരു സൂചനയുമുണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം ബേക്കലിൽ പിടിയിലായ യുവതിയുൾപ്പെടെ നാലംഗ സംഘം പറഞ്ഞിരുന്നത് ബംഗളൂരുവിലുള്ള നൈജീരിയക്കാരിയാണ് എം.ഡി.എം.എ നൽകിയതെന്നാണ്. ബംഗളൂരു കേന്ദ്രീകരിച്ച് ദിവസങ്ങളായി ബേക്കൽ പൊലീസ് നടത്തിവന്ന അന്വേഷണത്തിൽ യുവതി ഉപയോഗിക്കുന്നത് നൈജീരിയയിൽനിന്നുള്ള മൊബൈൽ നമ്പറാണെന്ന സൂചന ലഭിച്ചു.
എന്നാൽ, ഈ നമ്പറിൽ വാട്സ് ആപ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് സൈബർ സെൽ ദിവസങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കി. ബംഗളൂരുവിൽ തമ്പടിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ താമസസ്ഥലം കണ്ടെത്താനായി. ഇവിടെനിന്നാണ് പിടികൂടിയത്.
ബുധനാഴ്ച രാവിലെ ബംഗളൂരുവിൽനിന്ന് ബേക്കലിലെത്തിച്ച യുവതിയെ വിശദമായി ചോദ്യംചെയ്തു. കഴിഞ്ഞ മാസം ചട്ടഞ്ചാൽ സ്വദേശികളായ ദമ്പതികളെയും ബംഗളൂരു സ്വദേശികളായ രണ്ടുപേരെയും 150 ഗ്രാം മയക്ക് മരുന്നും സ്വിഫ്റ്റ് കാറുമായി ബേക്കൽ പൊലീസ് പിടികൂടിയിരുന്നു.
ഈ കേസിൽ മയക്കുമരുന്ന് നൽകിയത് നൈജീരിയൻ യുവതിയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് യുവതിയെ അതിസാഹസികമായി പിടികൂടിയത്. നേരത്തെ പിടിയിലായ യുവതി ഉൾപ്പെടെയുള്ള നാലുപേർ ഇപ്പോഴും റിമാൻഡിലാണ് .
പൊലീസിന് ലഭിച്ച ഒരു വാട്സ് ആപ് നമ്പറിനെ ചുറ്റിപ്പറ്റി ആഴ്ചകളായി അന്വേഷണം നടത്തിയെങ്കിലും നൈജീരിയൻ യുവതി പിടിയിലാകുമെന്ന ഉറപ്പൊന്നും പൊലീസിനുണ്ടായിരുന്നില്ല. മലയാളികൾക്ക് ബംഗ്ളുരിൽ നിന്നും മയക്കുമരുന്ന് നൽകുന്നതിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ നൈജീരിയൻ യുവതി എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.