കാഞ്ഞങ്ങാട്: ജില്ലയിൽ ആദ്യമായി പെരിയ സി.എച്ച്.സിയിൽ രാത്രികാല ഒ.പി ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ ഒ.പിയുടെ പ്രവർത്തനം തുടങ്ങുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രാത്രികാല ഒ.പി സൗകര്യമൊരുക്കുന്നത്. ജില്ല ആശുപത്രിയിലടക്കം നിലവിൽ രാത്രികാല ഒ.പി സൗകര്യമില്ല. വൈകീട്ട് ആറു മുതൽ രാത്രി 11 വരെ പെരിയ ആശുപത്രിയിൽ ഇനിമുതൽ ഈ സൗകര്യമുണ്ടാകും. രോഗികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് രാത്രികാല ഒ.പി. ഇവിടെ ഡയാലിസിസ് കേന്ദ്രത്തിൽ മൂന്നാമത് ഷിഫ്റ്റും പ്രവർത്തനക്ഷമമായി. കൂടുതൽ രോഗികൾക്ക് ഇതുവഴി ഡയാലിസിസ് ചെയ്യാനാകും.
ഉദുമ എം.എൽ.എ അഡ്വ. സി.എച്ച്. കുഞ്ഞമ്പു ഒ.പി-ഡയാലിസിസ് കേന്ദ്രത്തിന്റെ മൂന്നാമത് ഷിഫ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യങ്ങളിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ വഹിച്ചുവരുന്ന പങ്ക് പ്രശംസനീയമാണെന്ന് എം.എൽ.എ പറഞ്ഞു. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സേവനം ഉപകാരപ്രദമാണെന്നും എം.എൽ.എ വ്യക്തമാക്കി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ. സീത, എം. ബാലകൃഷ്ണൻ, കരുണാകരൻ കുന്നത്ത്, എ.എം. മുരളീധരൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം.കെ. വിജയൻ സ്വാഗതവും പെരിയ സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ഡി.ജി. രമേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.