കാഞ്ഞങ്ങാട്: ആയിരങ്ങളുടെ ഏക ആശ്രയമായ പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ രാത്രികാല ചികിത്സ മുടങ്ങി. പനി രോഗികൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിനാളുകളെത്തുന്ന താലൂക്ക് ആശുപത്രിയിൽ രാത്രി എട്ടുമണി കഴിഞ്ഞാൽ ചികിത്സയില്ല. പാണത്തൂരിൽ നിന്നും 25 കിലോമീറ്റർ താണ്ടി രാത്രി പൂടംകല്ലിലെത്തുന്ന രോഗിയെ വീണ്ടും 25 കിലോമീറ്റർ ദൂരമുള്ള കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്.
എന്തിന് ഇങ്ങനെയൊരു താലൂക്ക് ആശുപത്രി എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. പേരിനുമാത്രം താലൂക്ക് ആശുപത്രിയായി ഉയർത്തി ജനങ്ങളെ കബളിപ്പിക്കുന്നതിലും നല്ലത് പഴയതുപോലെ സാമൂഹിക ആരോഗ്യം കേന്ദ്രം എന്ന നിലയിൽ തന്നെ പ്രവർത്തിക്കുന്നതായിരുന്നുവെന്ന് മലയോരത്തെ ജനങ്ങൾ പറഞ്ഞുതുടങ്ങി. പൂടംകല്ലിൽ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലേക്ക് മൈലുകൾ താണ്ടി രാത്രി എട്ടുമണിക്ക് ശേഷം വരുന്ന രോഗികൾക്ക് അടഞ്ഞുകിടക്കുന്ന ഗേറ്റുകളാണ് ദിവസങ്ങളായി കാണാൻ കഴിയുന്നത്. ഇവിടത്തേക്ക് നിയമിച്ച പല ഡോക്ടർമാരും ചാർജെടുക്കാതെ ലീവെടുത്ത് പോകുന്നുവെന്ന പരാതി നേരത്തേ നിലനിൽക്കുന്നുണ്ട്. ചാർജെടുത്തവർ ആകട്ടെ ആഴ്ചകൾക്കുള്ളിൽ ലീവെടുത്ത് സ്ഥലംവിടുന്നു. മഴക്കെടുതിയും പകർച്ചപ്പനികളും പടരുന്ന സമയത്ത് രാത്രികാല ചികിത്സ നിർത്തലാക്കിയത് രോഗികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കഴിഞ്ഞദിവസം രാത്രി രണ്ടുമണിയോടെ ഇവിടെയെത്തിയ രോഗിയെ ഗേറ്റ്പോലും തുറക്കാതെ ഡോക്ടറില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചതായി പരാതിയുണ്ട്.
കർണാടകയിലെ കുടക് ജില്ലയിലെയും പനത്തടി, കള്ളാർ , കോടോം-ബേളൂർ, ബളാൽ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ താലൂക്കാശുപത്രി. ഈ പഞ്ചായത്തുകളിൽ ഒരിടത്തും സ്വകാര്യ ആശുപത്രികൾ പോലുമില്ലെന്നിരിക്കെയാണ് രാത്രി എട്ടിനുശേഷം ആശുപത്രി അടച്ചിടുന്നതെന്നത് കടുത്ത പ്രതിഷേധം വിളിച്ചുവരുത്തി. 14 ഡോക്ടർമാരുടെ സേവനമാണ് ഇവിടെയുണ്ടായിരുന്നത്. രണ്ട് ഡോക്ടർമാർ സ്ഥലം മാറി പോയിട്ട് ആഴ്ചകളായെങ്കിലും പകരക്കാരെത്തിയില്ല. രണ്ടുപേർ പഠനാവശ്യാർഥം ഒരു ഡോക്ടർ പ്രസവാവധിയിൽ പോയപ്പോഴും പകരം സംവിധാനമുണ്ടാക്കിയില്ല.
24 മണിക്കൂറും കിടത്തി ചികിത്സയുള്ള താലൂക്കാശുപത്രിയിലാണ് രാത്രികാല ചികിത്സ മുടങ്ങിയത്. ഒ.പിയിൽ ഓരോ ദിവസവും 600 രോഗികളെങ്കിലും ഇപ്പോൾ ചികിത്സ തേടിയെത്തുന്നുണ്ട്. പനി രോഗികൾ ഏറുന്ന ഈ സമയത്ത് ഡോക്ടർമാരുടെ കുറവും രാത്രികാല ചികിത്സ മുടങ്ങിയതും രോഗികൾക്കുണ്ടാക്കിയ ദുരിതം ചില്ലറയല്ല. സാമ്പത്തിക ശേഷിയും വാഹന സൗകര്യവുമില്ലാത്ത രോഗികൾ രാത്രി എന്ത് ചെയ്യണമെന്ന് അധികൃതരാണ് മറുപടി പറയേണ്ടത്.
കോണ്‍ഗ്രസ് ധര്‍ണ ഇന്ന്
കാഞ്ഞങ്ങാട്: പൂടംകല്ല് താലൂക്ക് ആശുപത്രിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ധര്‍ണ നടത്തും. രാവിലെ 9.30നു ഡി.സി.സി സെക്രട്ടറി ഹരീഷ് പി.നായര്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.