കാഞ്ഞങ്ങാട്: കഴിഞ്ഞ ഭരണകാലയളവിൽ ബജറ്റിൽ 1.5 കോടി രൂപ വകയിരുത്തിയതോടെ പെരിയ ചെറു വിമാനത്താവളത്തിന് വീണ്ടും പ്രതീക്ഷയുടെ ചിറകു മുളച്ചെങ്കിലും തുടർ നടപടിയൊന്നും ഇല്ലാത്തത് നിരാശയുണ്ടാക്കുന്നു. പെരിയ വില്ലേജിലെ കനിംകുണ്ടിൽ ചെറു വിമാനത്താവളം സ്ഥാപിക്കാൻ 2011ലാണ് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകുന്നത്. അതുപ്രകാരം ബി.ആർ.ഡി.സി, സ്ഥലമെടുപ്പിന് പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
പെരിയ വില്ലേജിലെ 322, 341 സർവേ നമ്പറുകളിൽപെടുന്ന 80.41 ഏക്കർ സ്ഥലമാണ് കണ്ടെത്തിയത്. അതിൽ 51.65 ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികളുടെയും 28.76 ഏക്കർ സ്ഥലം സർക്കാറിേന്റതുമാണ്. 2010ലാണ് സാധ്യത പഠനത്തിനായി ബി.ആർ.ഡി.സി സിയാലിനെ ഏൽപിച്ചത്. 2012ൽ അവരുടെ പഠന റിപ്പോർട്ട് ബി.ആർ.ഡി.സിക്ക് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ തുടർ നടപടികൾ അനിശ്ചിതത്വത്തിലാവുകയായിരുന്നു. സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയിട്ട് പത്ത് വർഷം കഴിഞ്ഞെങ്കിലും തുടർ നടപടികൾക്ക് മെല്ലെപ്പോക്കാണ്.
സ്വകാര്യ പങ്കാളിത്തത്തോടെ എയർസ്ട്രിപ് യാഥാർഥ്യമാക്കുമെന്ന് കഴിഞ്ഞ ജില്ല പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സമിതിയുടെ നിർദേശ പ്രകാരം തിരുവനന്തപുരത്തെ തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ കെ.എൻ.ജി നായരാണ് പെരിയ വില്ലേജിലെ കനിംകുണ്ടിലെ ചെറു വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയത്. ഇതാദ്യമായാണ് പെരിയ ചെറു വിമാനത്താവളത്തിനായി ഇത്രയും തുക ബജറ്റിൽ നീക്കിവെക്കുന്നത്. ഉദുമ മണ്ഡലത്തിൽ ചെറു വിമാനത്താവളത്തിനുപുറമെ സ്പിന്നിങ് മിൽ വിപുലീകരണത്തിന് അഞ്ചുകോടിയും ബി.ആർ.ഡി.സിക്ക 2.5 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.