കാഞ്ഞങ്ങാട്: ജില്ലയിലെ ടര്‍ഫ് മൈതാനങ്ങള്‍ നാശത്തിലേക്ക്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ആറുമാസമായി മൈതാനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കളി മുടങ്ങിയതോടെ ടര്‍ഫുകളുടെ പരിപാലനവും താറുമാറായി. ഭൂമി പാട്ടത്തിനെടുത്ത് ടര്‍ഫ് നിര്‍മിച്ചവര്‍ക്ക് വാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അതുപോലെതന്നെ ഇതിെൻറ പരിപാലനച്ചെലവും താങ്ങാവുന്നതിലപ്പുറമാണ്.
ചിലയിടങ്ങളില്‍ മഴകൊണ്ടും മറ്റും ലൈറ്റ്-ഇലക്ട്രിക് സംവിധാനങ്ങളൊക്കെ താറുമാറായിട്ടുണ്ട്. കാഞ്ഞങ്ങാട്, കാസര്‍കോട്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലായി 25 ടര്‍ഫ് മൈതാനങ്ങളാണുള്ളത്. ടര്‍ഫും എല്‍.ഇ.ഡി ലൈറ്റുകളും ഗ്രൗണ്ടിന് ഇരുമ്പുവലകൊണ്ടുള്ള ആവരണവും എല്‍.ഇ.ഡി സ്‌ക്രീനുമുള്ള മൈതാനത്തിെൻറ ചെലവ് 25 ലക്ഷം മുതല്‍ അരക്കോടി രൂപ വരെയാണ്. ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ചാര്‍ജുമടക്കം ഇരുപതിനായിരത്തിലധികം രൂപയാണ് പ്രതിമാസത്തെ മറ്റ് ചെലവുകള്‍. ജില്ലയില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയ യുവാക്കളാണ് പലയിടങ്ങളിലായി വാടകക്ക് ടര്‍ഫ് മൈതാനങ്ങളൊരുക്കിയിട്ടുള്ളത്. ചിലര്‍ ഇതിനായി ബാങ്കില്‍ നിന്ന് ലോണുകള്‍ വരെയെടുക്കുകയുണ്ടായി.
ടര്‍ഫ് മൈതാനങ്ങള്‍ നിറഞ്ഞതോടെ ഓരോ പ്രദേശത്തിെൻറയും മുഖച്ഛായതന്നെ മാറിയിരുന്നു. കാടുപിടിച്ച് ലഹരി മാഫിയയുടെ കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങളും തരിശുഭൂമിയും ചതുപ്പുനിലങ്ങളുംവരെ ഇന്ന് കൃത്രിമ ടര്‍ഫ് മൈതാനങ്ങള്‍ക്ക് വഴിമാറിയെങ്കിലും കോവിഡ് പ്രതിസന്ധി ഫുട്‌ബാള്‍ ആരാധകരുടെ ആവേശം തന്നെ കെടുത്തിയിരിക്കുകയാണ്. വിരലിലെണ്ണാവുന്നവയില്‍നിന്നും കൂണ്‍പോലെ മുളച്ചുപൊന്തുന്ന തരത്തിലേക്കുള്ള കുതിപ്പിനുകാരണം നടത്തിപ്പുകാര്‍ക്കും സ്ഥലമുടമകള്‍ക്കും നല്ല വരുമാനം കിട്ടുന്ന ഇടങ്ങളായി ഇവ മാറിയെന്നതാണ്.
കളിക്കളങ്ങളിലും ഗാലറികളിലും ആരവങ്ങളും ആര്‍പ്പുവിളികളും നടേക്കണ്ട സമയാണിത്. അവിചാരിതമായെത്തിയ മഹാമാരിക്കുമുന്നിൽ എല്ലായിടത്തും മൂകത. കളിയാരവമില്ലെങ്കിലും കായികതാരങ്ങളുടെ കായികക്ഷമതയും നിലച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ കായിക പരിശീലനവും മുടങ്ങി. നിരന്തരം കായിക പരിശീലനത്തിലേര്‍പ്പെട്ട് കായികക്ഷമത നിലനിര്‍ത്തുകയും മത്സരങ്ങള്‍ക്കായി തയാറെടുക്കുകയും ചെയ്തിരുന്നവര്‍ക്ക് കോവിഡ് സൃഷ്ടിച്ച തിരിച്ചടി ചില്ലറയല്ല.
ജിംനേഷ്യത്തിൽ പോയിരുന്നവർക്ക് അത് മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യം കടുത്ത ശാരീരിക, മാനസിക ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. സുരക്ഷിതരായി വീട്ടിലിരിക്കുന്ന കായിക താരങ്ങള്‍ക്ക് നല്‍കുന്ന വ്യക്തിഗത ഓണ്‍ലൈന്‍ കായിക പരിശീലനത്തിനും നിര്‍ദേശങ്ങള്‍ക്കും പരിമിതിയുണ്ട്. വീട്ടില്‍ ലഭ്യമാകുന്ന സൗകര്യങ്ങളില്‍ കായികോപകരണങ്ങളുടെ സംവിധാനമില്ലാതെ പരിശീലനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എത്രത്തോളം കായിക ക്ഷമതയും മികവും നിലനിര്‍ത്താനാകും എന്നതിനെ സംബന്ധിച്ച സംശയവും ആകുലതയും പ്രമുഖരായ കായിക പരിശീലകര്‍ക്കുവരെയുണ്ട്.
പൂര്‍ണമായും ശാരീരികവും കായികവുമായ ക്ഷമത വീണ്ടെടുത്ത് കളിക്കളത്തില്‍ തിരികെയെത്തുന്നതാണ് താരങ്ങളുടെ കായിക ഭാവിക്ക് വേണ്ടത്. ഇവരുടെ കാര്യത്തിലും കാര്യമായ ശ്രദ്ധ കൂടിയേ തീരൂ.
തുരുമ്പെടുത്ത് കായിക ഉപകരണങ്ങൾ
കാഞ്ഞങ്ങാട്: 20 ലക്ഷം രൂപക്കു മുകളിൽ വായ്പയെടുത്ത് തുടങ്ങിയതാണ് സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കട. ടൂർണമെൻറ് സീസണുകൾ മുന്നിൽകണ്ടാണ് ധാരാളം സാധനങ്ങൾ ഇറക്കിയത്. കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ധാരാളം ജഴ്സികളും ട്രോഫികളും ഇറക്കി.
കടകൾ മാസങ്ങളോളം അടച്ചിട്ടതോടെ ട്രോഫിയെല്ലാം തുരുമ്പെടുത്ത് നശിക്കുകയും ജഴ്സികളെല്ലാം പ്രിൻറിൽ നിറം മങ്ങുകയും ചെയ്തു. അഡ്വാൻസ് തുക നൽകിയാണ് സാധനങ്ങളെല്ലാം വാങ്ങിച്ചത്. ക്രിക്കറ്റ് ബാറ്റ്, ഫുട്ബാൾ... അങ്ങനെ എല്ലാ ഉപകരണങ്ങളും നശിച്ചു.
ചെറിയ രൂപക്ക്, നഷ്ടം സഹിച്ച് തൂക്കിവിൽക്കേണ്ട അവസ്ഥയാണ്. 25,000 രൂപ വാടക നൽകിയാണ് കാഞ്ഞങ്ങാട് നഗരത്തിൽ കട നടത്തുന്നത്.
കാഞ്ഞങ്ങാട്: ഇരുട്ടിനെ 'ബൗണ്ടറി' കടത്തിയാണ് മുനാസ് 2018ൽ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കാണ് ഉപ്പള പൈവളികെ കളായി സ്വദേശി മുനാസ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇല്ലായ്മകളോട് പൊരുതിയാണ് നേട്ടം കൈവരിച്ചത്. പകുതി കാഴ്ചയോടുകൂടി പിറന്നുവീണ മുനാസിന് ഇപ്പോൾ കോവിഡ് എന്ന ഇരുട്ടാണ് ജീവിത താളം തെറ്റിച്ചിട്ടുള്ളത്. കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ എം.എ സോഷ്യോളജി വിദ്യാർഥിയാണ്.
നാട്ടിലെ എല്ലാ ക്രിക്കറ്റ് ടൂര്‍ണമെൻറുകളും പോയി കാണും. മഹാമാരിക്കാലത്ത് കായിക ലോകം തന്നെ കിതപ്പിലായപ്പോൾ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളർന്ന അവസ്ഥയിലാണ്. കഴിഞ്ഞ മാർച്ചിൽ ഹെർണിയ, അപ്പൻഡിസൈറ്റ്സ് ശസ്ത്രക്രിയ നടത്തിയിരുന്നു. ജില്ലതല ടൂർണമെന്‍റുകളിൽ വിജയിച്ചാൽ അഞ്ഞൂറോ ആയിരമോ കിട്ടിയിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അതും ഇല്ലാതായി. സഹോദരൻ കൽപണിക്ക് പോയിട്ടായിരുന്നു കുടുംബം പോറ്റിയിരുന്നത്.
കോവിഡ് വന്നതോടെ പണിയില്ലാതെയായി. വികലാംഗ പെൻഷനായി ലഭിക്കുന്ന 1500 രൂപയാണ് ഏക വരുമാനം. ടൂര്‍ണെമന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പടവുകള്‍ ഓരോന്നും കുതിച്ചുകയറിയ മുനാസ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ ഉഴലുകയാണ്.
കാഞ്ഞങ്ങാട്: ബാങ്കിൽനിന്നോ വ്യക്തികളിൽനിന്നോ വായ്പയെടുത്താണ് ജില്ലയിലെ ഏകദേശ ജിംനേഷ്യങ്ങളും പ്രവർത്തിക്കുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം തൊട്ട് പതിനായിരം രൂപ വിലയുള്ള ഉപകരണങ്ങളാണ് ജിംനേഷ്യത്തിലുള്ളതെന്ന് ട്രെയിനറും ഉടമയുമായ മനോജ് അമ്പലത്തറ പറഞ്ഞു.
ഒന്നര വർഷം പൂട്ടിക്കിടന്നതോടെ 1,20,000 രൂപ വിലയുള്ള ഉപകരണം വിറ്റത് വെറും 30,000 രൂപക്ക്. പെരിയയിലെ ജിംനേഷ്യത്തിൽ 20000 രൂപയാണ് വാടക. മൂന്നു മാസം മാത്രമാണ് കെട്ടിട ഉടമ വാടക വേണ്ടെന്നുവെച്ചത്. ബാക്കി വാടക കൊടുക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും വേണ്ടി സ്ഥലം ലീസിനെടുത്ത് കൃഷി തുടങ്ങിയിരിക്കുകയാണ്.
വർഷത്തിൽ രണ്ടു ലക്ഷം രൂപ സ്ഥലമുടമക്ക് നൽകണം. ജില്ല ബോഡി ബിൽഡിങ് ജില്ല സ്പോർട്സ് കൗൺസിൽ നോമിനിയും കണ്ണൂർ യൂനിവേഴ്സിറ്റി വടംവലി പരിശീലകനും കൂടിയാണ് മനോജ് അമ്പലത്തറ.
കാഞ്ഞങ്ങാട്: ഒന്നര വർഷമായി കായിക മേളകളെല്ലാം തന്നെ നടന്നിട്ട്. താരങ്ങൾക്ക് കായിക ക്ഷമത നിലനിർത്താൻ പറ്റാത്ത സ്ഥിതിയാണുള്ളത്. മേളകളൊന്നും നടക്കാത്തതുകൊണ്ട് കായികവുമായി ബന്ധപ്പെട്ട ഗ്രേസ് മാർക്കും അതുപോലെ പി.എസ്.സി വെയിറ്റേജ് മാർക്കെല്ലാം തന്നെ മന്ദഗതിയിലാണ്. സപോർട്സ് കൗൺസിലിന് കീഴിലുള്ള ട്രെയിനിങ് സെൻററുകളെല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. സർക്കാർ സർവിസിലല്ലാത്ത അമച്വർ പരിശീലകരുടെ ജോലിയെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പേഴ്സനൽ ട്രെയിനേഴ്സിെൻറ കാര്യവും പരിതാപകരമാണ്. സുരക്ഷിതരായി വീട്ടിലിരിക്കുന്ന കായിക താരങ്ങള്‍ക്ക് നല്‍കുന്ന വ്യക്തിഗത ഓണ്‍ലൈന്‍ കായിക പരിശീലനത്തിനും നിര്‍ദേശങ്ങള്‍ക്കും പരിമിതിയുണ്ട്. അതിനാല്‍ പരിശീലകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള മുന്‍കരുതലുകളും തയാറെടുപ്പുകളും നടത്തുന്നത് അഭികാമ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.