കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ വെള്ളിയാഴ്ച ജനത്തിരക്കേറി. പൊന്നോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കായി ആയിരങ്ങളാണ് വെള്ളിയാഴ്ച ടൗണിലെത്തിയത്. ഞായറാഴ്ച തിരുവോണത്തിനുമുമ്പ് എല്ലാമൊരുക്കാനുള്ള ഉത്രാടപ്പാച്ചിലാണിന്ന്.
വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ഗൃഹോപകരണ കടകളിലും തിരക്കനുഭവപ്പെട്ടു. വഴിയോര കച്ചവടത്തിന് നിയന്ത്രണമുണ്ടായില്ല. ഇവിടെയും തകർപ്പൻ കച്ചവടം നടന്നു. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ രൂക്ഷമായ ഗതാഗതത്തിരക്കും അനുഭവപ്പെടുന്നുണ്ട്.
കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിലാണ് ജില്ലയിൽ ഓണത്തിരക്ക് ഏറെ. തൃക്കരിപ്പൂർ, കാലിക്കടവ്, മലയോര പ്രദേശമായ വെള്ളരിക്കുണ്ട്, രാജപുരം, ഒടയംചാൽ, പാണത്തൂരിലും പെരിയ, പൊയിനാച്ചി, ചെർക്കള, ബോവിക്കാനം, കുമ്പള, ഉപ്പള, പാലക്കുന്ന്, ഉദുമ എന്നിവിടങ്ങളിലും ഓണവിപണിയിൽ നല്ല തിരക്കുണ്ട്. പൊന്നോണമാഘോഷിക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഓണച്ചന്തകളുണ്ട്. നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടക്കുന്ന ഇത്തരം മേളകളിലേക്ക് ആളുകളെത്തുന്നുണ്ട്. സർക്കാർ ഓഫിസുകളിൽ വ്യാഴാഴ്ച മുതൽ ഓണാഘോഷത്തിന്റെ ദിവസങ്ങളായിരുന്നു.
ഓണസദ്യകളും മത്സരങ്ങളും നടക്കുന്നുണ്ട്. വയനാട് ദുരന്ത പശ്ചാത്തത്തിൽ ഇത്തവണ ഓണാഘോഷത്തിന് പൊലിമ കുറയുമെന്ന് കരുതിയെങ്കിലും ഇത് തെറ്റിച്ചായിരുന്നു ജനം വിപണിയിലെത്തിയത്. വെള്ളിയാഴ്ച കാഞ്ഞങ്ങാട് നഗരത്തിൽ രാവിലെ മുതൽ ആളുകൾ നഗരത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. തുണിക്കടകളിൽ ആഴ്ചകൾക്ക് മുമ്പെ തിരക്കനുഭവപ്പെടുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലെത്തിയത് ടൺകണക്കിന് പച്ചക്കറികളാണ്. ജില്ലയിൽതന്നെ ഒട്ടേറെ പച്ചക്കറി ഹോൾസെയിൽ വ്യാപാരികളുണ്ട്. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഓണത്തിന് പത്തിരട്ടി കച്ചവടം നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
പച്ചക്കറികളിലെ പ്രധാന ഇനങ്ങൾക്ക് വില വലിയ രീതിയിൽ കൂടുതലാണെങ്കിലും പച്ചക്കറിയില്ലാതെ ഓണസദ്യ വിളമ്പാനാവില്ലെന്നതിനാൽ പോക്കറ്റ് കാലിയായാലും സാധനങ്ങൾ വാങ്ങുന്നു.
തക്കാളി-50, മുരിങ്ങക്കായ-120, പാവക്ക-80, കോവക്ക-80, പച്ചക്കായ-60, കാരറ്റ്-90, ബീറ്റ്റൂട്ട്-60, വെണ്ട-60, കക്കിരി-40, നരമ്പൻ-80 എന്നിങ്ങനെ പോകുന്നു വില. പഴവർഗത്തിനും വില വർധനയുണ്ട്. നാടൻപൂക്കളുണ്ടെങ്കിലും ഇക്കുറിയും വിപണി കീഴടക്കിയത് മറുനാടൻ പൂക്കളാണ്. പൂക്കൾക്കും വില കൂടുതലാണ്. പൂക്കളിൽ പ്രധാനിയായ ചെണ്ടുമല്ലിക്ക് കിലോക്ക് 200 രൂപയാണ് വില. വൈകീട്ടാകുമ്പോഴേക്ക് പെയ്ത കനത്ത മഴയിലും ജനം കൂടിയതല്ലാതെ കുറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.