കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമത്തെയാകെ ഭീതിയിലാക്കി കൊള്ളയടിക്കുന്ന അശോകനെ ഒന്നരമാസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. കാഞ്ഞിരപ്പൊയിലിന്‍റെ കിഴക്കൻപ്രദേശത്ത് അന്വേഷണം ഊർജിതമായി നടക്കുന്നില്ല. കോടോം ബേളൂർ പഞ്ചായത്ത് പരിധിവരെ വ്യാപിച്ചുകിടക്കുന്ന 500 ഏക്കറോളം പാറപ്പുറത്താണ് അശോകൻ ഉള്ളതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഡ്രോൺ ഉപയോഗിച്ച് പല ഭാഗത്തുനിന്നും ആകാശനിരീക്ഷണം നടത്തിയിട്ടും കറുകവളപ്പിലെ അശോകൻ പതിയിരിക്കുന്ന ഭാഗം മാത്രം കണ്ടെത്താൻ സാധിച്ചില്ല. പെരളത്തെ പാറപ്രദേശത്ത് ചിതറിക്കിടക്കുന്ന രണ്ടു മീറ്ററിൽ താഴെ മാത്രം ഉയരമുള്ള കാടുകളാണ്.
വലിയ കല്ലുകൾക്കിടയിലെ വിള്ളലുകളുമുണ്ട്. ഇതിനിടയിൽതന്നെ കള്ളൻ പതുങ്ങിയിട്ടുണ്ടാകാമെന്നാണ് ഇപ്പോഴും പൊലീസിന്‍റെ നിഗമനം. ചില പ്രദേശത്ത് ഇയാളെ കണ്ടെന്ന് പ്രചാരണം ഉണ്ടെങ്കിലും ഊഹാപോഹം മാത്രമാണോയെന്നും സംശയമുണ്ട്.
സ്ഥലത്തെ മൂന്നോളം പേരെ വകവരുത്തുമെന്നും ഇയാൾ പറഞ്ഞത് ആശങ്കയാകുന്നുണ്ട്. 60 ശതമാനം മാത്രമേ കാട്ടിനുള്ളിൽ തിരച്ചിൽ നടത്തിയിട്ടുള്ളൂവെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്‍.പി വി. ബാലകൃഷ്ണൻ പറഞ്ഞു. കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അനില്‍കുമാറിന്റെ ഭാര്യ ബിജിതയെ തലക്കടിച്ചുവീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് അശോകന്‍ കാട്ടിലേക്ക് മറഞ്ഞത് ഫെബ്രുവരി എട്ടിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.