കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്‍റെ കൊലപാതകത്തിന് ഒരു വർഷം പൂർത്തിയാകുന്നു. 2020 ഡിസംബർ 23 നാണ് കല്ലൂരാവി മുണ്ടത്തോട് ഔഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഔഫ് വധത്തിന് വ്യാഴാഴ്ച ഒരു വർഷം പൂർത്തിയാകുമ്പോഴും ജന്മനാടായ പഴയ കടപ്പുറത്തോ പരിസരപ്രദേശങ്ങളായ കല്ലൂരാവിയിലോ മുണ്ടത്തോടോ സ്മാരകമോ ലൈബ്രറിയോ പണിയാൻ പാർട്ടിക്ക് കഴിഞ്ഞില്ല.
ഈ വിഷയം അണികൾക്കിടയിൽ വലിയ ചർച്ചയായി. ഔഫ് വധത്തെക്കുറിച്ചും പ്രതികൾക്ക് ജാമ്യം കിട്ടിയതിനെക്കുറിച്ചും കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിൽ ഒരു ചർച്ചയും നടന്നില്ല. നേരത്തെ ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങളിൽ നേതൃത്വത്തിനെതിരെ ഔഫ് വധത്തെ സംബന്ധിച്ച് രൂക്ഷവിമർശനമുണ്ടായിരുന്നു.
തീരദേശ ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്നായിരുന്നു നേതാക്കൾ കൂടുതൽ പഴികേട്ടത്. സ്മാരകം നിർമിക്കാൻ വൈകുന്നതിനെക്കുറിച്ചും ചർച്ചയായി. ഹോസ്ദുർഗ് ലോക്കൽ സമ്മേളനത്തിലും ചർച്ചയായിരുന്നു. സ്ഥലവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് ജന്മനാടായ പഴയ കടപ്പുറത്ത് സ്മാരകം നിർമിക്കാത്തതെന്നാണ് ഡി.വൈ.എഫ്.ഐ നൽകുന്ന വിശദീകരണം.
പഴയകടപ്പുറത്തിനു പകരം ഒന്നാം വാർഷികമായ 23ന് രാവിലെ പത്തിന് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനടുത്താണ് ഔഫ് സ്മാരക മന്ദിരത്തിന് ശിലാസ്ഥാപനം നടത്തുക. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യും. രണ്ടു മാസത്തിനുള്ളിൽ സ്മാരകത്തിെൻറ പണി പൂർത്തീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് പി.കെ. നിശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.