കാഞ്ഞങ്ങാട്: സംസ്ഥാന വ്യാപകമായി ഇന്നലെ പുലർച്ച 5.30 മുതൽ ചെക്ക്പോസ്റ്റുകളിൽ ഓപറേഷൻ ട്രഷർ ഹണ്ട് എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം ഉത്തര മേഖല വിജിലൻസ് പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ജില്ലയിൽ മഞ്ചേശ്വരം പെർള, ചെറുവത്തൂർ ആർ.ടി.ഒ ചെക്ക് പോസ്റ്റുകളിലും തലപ്പാടി ഫോറസ്റ്റ് ചെക്ക്പോസ്റ്റിലും പരിശോധന നടന്നു.
വിജിലൻസ് ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായർ, ഇൻസ്പെക്ടർമാരായ സുനു മോൻ, പി. സുനിൽകുമാർ എന്നിവർ വിവിധ സ്ഥലങ്ങളിലെ പരിശോധനക്ക് നേതൃത്വം നൽകി. വിവിധ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ കെ.വി. സജീവൻ, ഡൊമിനിക് അഗസ്റ്റിൻ, എം. രവി എന്നിവരും ഉണ്ടായിരുന്നു. ചെറുവത്തൂർ, മഞ്ചേശ്വരം ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങളൊന്നും പരിശോധിക്കുന്നില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ ചിലർ അനധികൃതമായി ഡ്യൂട്ടിയിൽ നിന്ന് വിട്ട് നിൽക്കുന്നതായും കണ്ടെത്തി. വാഹനങ്ങൾ പരിശോധിക്കാത്തത് മൂലം സർക്കാറിലേക്ക് ഫൈൻ ഇനത്തിൽ ലഭിക്കേണ്ട വലിയ തുക നഷ്ടമാകുന്നതായി കണ്ടെത്തി.
മുൻ വർഷങ്ങളിൽ ദിനംപ്രതി അഞ്ചു മുതൽ 10 ലക്ഷം രൂപ വരെ പിഴ ഇനത്തിൽ വരുമാനമുണ്ടായിരുന്ന ചെക്ക്പോസ്റ്റുകളിൽ നിന്ന് നാമമാത്രമായ തുകയാണ് നിലവിൽ ലഭിക്കുന്നത്. ചില ദിവസങ്ങളിൽ ഒരുരൂപയുടെ വരുമാനവും സർക്കാറിലേക്ക് ലഭിക്കുന്നില്ല. പരിശോധന സംബന്ധിച്ച വിശദ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.