കാഞ്ഞങ്ങാട്: പാണത്തൂർ കുണ്ടുപ്പള്ളിയിൽ ലോറി നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്കു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ച നാലുപേരും അയൽവാസികൾ. മരം കയറ്റിറക്ക് തൊഴിലാളികളാണിവർ. നാടിനെ നടുക്കിയ സംഭവത്തിൽ അനാഥമായത് നാല് നിർധന കുടുംബങ്ങളാണ്. ഉറ്റവരുടെ മരണമടഞ്ഞ വേദനയിൽ പകച്ചു നിൽക്കുകയാണ് ഈ കുടുംബങ്ങൾ. പരിയാരത്തു നിന്നും മരംകയറ്റി പാണത്തൂരിലേക്ക് പാതി ലോഡുമായി വരുന്ന വഴിയാണ് അപകടമുണ്ടായത്.
ലോറിയിൽ ഒമ്പതു പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. അഞ്ചു പേർ ചികിത്സയിലാണ്. ഇതിൽ രണ്ടു പേർക്ക് നിസ്സാര പരിക്കുകളേ ഉണ്ടായിട്ടുള്ളൂ.അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ചുമട്ടു തൊഴിലാളികളുമാണ് രക്ഷകരായത്. എറണാകുളം ആലുവ സ്വദേശികളാണ് ലോറിയിലെ ഡ്രൈവറും ക്ലീനറും. അവർക്ക് സ്ഥലത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അപകട കാരണമായെന്ന് പറയുന്നു. വിവരമറിഞ്ഞ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദാമോദരൻ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, സബ്കലക്ടർ ഡി.ആർ. മേഘശ്രീ എന്നിവർ ജില്ല ആശുപത്രിയിലെത്തി.
മരണം പതിയിരിക്കുന്ന പരിയാരം
കാഞ്ഞങ്ങാട്: മരണം പതിയിരിക്കുന്ന ഇറക്കമാണ് പാണത്തൂർ പരിയാരത്തിലേത്. ഒരു വർഷത്തോടടുക്കും മുമ്പേ വാഹനാപകടത്തിൽ മരിച്ചത് 11 പേരാണ്. കഴിഞ്ഞ ജനുവരി രണ്ടിനാണ് പാണത്തൂർ പരിയാരത്ത് ബസ് മറിഞ്ഞ് കർണാടക സ്വദേശികളായ ഏഴു പേർ മരിച്ചത്. കർണാടക സ്വദേശികളായ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് മരിച്ചത്. ആ ഞെട്ടലിൽ നിന്ന് മുക്തമാകുന്നതിനിടെയാണ് മരം കയറ്റിയ ലോറി മറിഞ്ഞ് കുണ്ടുപ്പള്ളി സ്വദേശികളായ നാലു പേർ മരിച്ചത്. കഴിഞ്ഞ ജനുവരിയിൽ നടന്ന വിവാഹ ബസ് മറിഞ്ഞ അപകടത്തിൽ 49 പേർക്കാണ് പരിക്കേറ്റത്.
56 പേരാണ് ബസിലുണ്ടായിരുന്നത്. പാണത്തൂർ- സുള്ള്യ റോഡിൽ പരിയാരത്ത് വിവാഹപ്പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഒരു ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വ്യാഴാഴ്ച മരിച്ച നാലു പേരും ചുമട്ടു തൊഴിലാളികളാണ്. പകുതി റബർ മരവുമായി ലോറി ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
തീരാവേദനയിൽ ഉറ്റവർ
കാഞ്ഞങ്ങാട്: ലോറി അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കുടുംബാംഗങ്ങളും ബന്ധുക്കളും. പരേതനായ മുല്ലച്ചേരി കുഞ്ഞിരാമൻ നായരുടെയും മാവില മാധവിയുടെയും മകനാണ് മരണപ്പെട്ട മോഹനൻ. ഭാര്യ: ശീജ. മക്കൾ: ശിവാനി, അനന്തു. സഹോദരങ്ങൾ: നാരായണൻ, നാരായണി, രാഘവൻ, ലക്ഷ്മി, ഇന്ദിര, ശ്രീദേവി, ബാലകൃഷ്ണൻ, സുരേഷ്, സാവിത്രി, സവിത, ബാലാമണി, സന്ധ്യ. പരേതനായ നാരായണൻ നായിക്കിെൻറയും അമ്മിണിയുടെയും മകനാണ് വിനോദ്.
ഭാര്യ: ശോഭ. മക്കൾ: വൈഷ്ണവ്, വൈശാഖ്, വർഷിത. ഏക സഹോദരി വിനീത. പരേതനായ ഐപ്പു നായികിെൻറയും ഗൗരി ഭായിയുടെയും മകനാണ് സുന്ദരൻ. ഭാര്യ: സുശീല. മക്കൾ: സുധീഷ്, ശ്രുതി. സഹോദരങ്ങൾ: രാഘവൻ, അണ്ണി, ഗംഗാധരൻ, അമ്മിണി, യശോദ. പരേതനായ കർഗോളി നായികിെൻറയും കമലാക്ഷി ഭായിയുടെയും മകനാണ് നാരായണൻ. ഭാര്യ: എസ്.കെ. പ്രിയ. മക്കൾ: നിഖിൽ, നിരഞ്ജന. സഹോദരങ്ങൾ: രമേശൻ, ബാബു, ശാരദ. മൃതദേഹം വെള്ളി രാവിലെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ഇൻക്വസ്റ്റ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.