കാഞ്ഞങ്ങാട്: പുല്ലൂർ-പെരിയ പഞ്ചായത്തിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി മൂന്ന് വാർഡുകളിൽ വോട്ട് മറിച്ചതായി സി.പി.എം കണക്കുകൾ സഹിതം ആരോപണമുന്നയിച്ചു. പുല്ലൂർ പെരിയ പഞ്ചായത്തിലെ ഒമ്പതാം വാർഡിലും (ഉദയനഗർ), ആറാം വാർഡിലും (ഇരിയ), ചാലിങ്കാൽ 14ാം വാർഡിലുമാണ് ബി.ജെ.പി വോട്ട് മറിച്ചതായി സി.പി.എം കണക്കുകൾ സഹിതം ആരോപണമുന്നയിക്കുന്നത്. ഒമ്പതാം വാർഡിൽ ബി.ജെ.പിയുടെ ജില്ല പഞ്ചായത്ത് സ്ഥാനാർഥിക്ക് 226 വോട്ടും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിക്ക് 220 വോട്ടും ലഭിച്ചപ്പോൾ വാർഡിലെ ബി.ജെ.പി സ്ഥാനാർഥിക്ക് 126 വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് സി.പി.എം ആരോപിക്കുന്നത്.
ഇവിടെ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചത് 73 വോട്ടുകൾക്കാണ്. നൂറ് വോട്ട് ബി.ജെ.പി ഇവിടെ കോൺഗ്രസിന് മറിച്ച് ചെയ്തില്ലായിരുന്നെങ്കിൽ 27 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്നാണ് എൽ.ഡി.എഫ് അവകാശവാദം. ആറാം വാർഡായ ഇരിയയിലും സമാന രീതിയിൽ വോട്ട് മറിച്ചതായും സി.പി.എം ആരോപണമുന്നയിക്കുന്നു. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ബി.ജെ.പി സ്ഥാനാർഥികൾക്ക് 148 വോട്ട് ലഭിച്ചപ്പോൾ വാർഡിലെ സ്ഥാനാർഥിക്ക് 54 വോട്ട് മാത്രമാണ് ലഭിച്ചത്. ഇവിടെയും 96 വോട്ടിെൻറ കുറവാണുള്ളത്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പരാജയം 38 വോട്ടിന് മാത്രമാണ്.
ചാലിങ്കാൽ 14ാം വാർഡിൽ 200ഓളം വോട്ടുള്ള ബി.ജെ.പിക്ക് വാർഡ് സ്ഥാനാർഥിക്ക് 88 വോട്ട് മാത്രമാണ് ലഭിച്ചത്. ഇതിൽ നിന്നും വ്യക്തമാകുന്നത് യു.ഡി.എഫിെൻറ ബി.ജെ.പിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. നിലവിൽ പുല്ലൂർ പെരിയ പഞ്ചായത്തിൽ ഏഴ് വാർഡിൽ എൽ.ഡി.എഫും ഒമ്പത് വാർഡിൽ യു.ഡി.എഫും ഒരു വാർഡിൽ ബി.ജെ.പിയുമാണ് വിജയിച്ചത്. ബി.ജെ.പി വിജയിച്ച പത്താം വാർഡിൽ കോൺഗ്രസിന് മുന്നൂറോളം വോട്ടുണ്ടെങ്കിലും വാർഡ് സ്ഥാനാർഥിക്ക് 168 വോട്ട് മാത്രമാണ് ലഭിച്ചത്.
ഇത് ആറ്, ഒമ്പത് വാർഡുകളിലെ വോട്ടിനുള്ള പ്രത്യുപകരമാണെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. അതേ സമയം, സി.പി.എമ്മിെൻറ കുത്തക വാർഡായ 16ാം വാർഡ് യു.ഡി.എഫ് പിടിച്ചെടുക്കാനുണ്ടായ സാഹചര്യം കല്യോട്ടെ ഇരട്ടക്കൊലയുടെ പ്രതികരണമാണെന്നും ഇതാണ് മറ്റ് വാർഡുകളിലും പ്രതിഫലിച്ചതെന്നാണ് യു.ഡി.എഫിെൻറ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.