കാഞ്ഞങ്ങാട്: പൊലീസിനും ജനങ്ങൾക്കും ഒരുപോലെ തലവേദനയായ ഇരുചക്രവാഹന പിടിച്ചുപറി സംഘത്തെ കണ്ടെത്താൻ കഴിയാതെ വന്നതോടെ അരലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബേക്കൽ പൊലീസ്. ബേക്കൽ, മേൽപറമ്പ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ അടുത്തിടെ ഒരു ഡസനിലേറെ പിടിച്ചുപറി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പൊലീസിന് സി.സി.ടി.വി ദൃശ്യം ഉൾപ്പെടെ ലഭിക്കുന്നുണ്ടെങ്കിലും കവർച്ച പിടിച്ചുപറി സംഘത്തെ കണ്ടെത്താൻ സാധിക്കുന്നില്ല. വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും പിടിച്ചുപറി സംഘത്തെക്കുറിച്ച് സൂചന ഇന്നുവരെ ലഭിക്കാതെ വന്നതോടെയാണ് പ്രതികളെ കുറിച്ച് സൂചന നൽകുന്ന പൊതുജനങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബേക്കൽ പൊലീസ് രംഗത്ത് വന്നത്.
വൃദ്ധരും മധ്യവസ്കരായ സ്ത്രീകളെ ഇടവഴിയിൽ തടഞ്ഞുനിർത്തി സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്നതാണ് ഇരുചക്ര വാഹന മോഷണ സംഘത്തിന്റെ രീതി. തുടർച്ചയായി ഇത്തരം പിടിച്ചുപറി കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്. പൊലീസ് പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും ഇവരിൽ ഒരാളെ പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഹെൽമറ്റ് കൊണ്ടും മാസ്ക് ധരിച്ചും മുഖം മറച്ചാണ് പിടിച്ചുപറി സംഘം ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നത്. തിരക്കേറിയ റോഡുകളിലും സ്ത്രീകൾ പിടിച്ചു പറിക്കിരയാകുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ, പത്രമാധ്യമങ്ങൾ വഴി പുറത്തുവിട്ട് പ്രതികളെ കണ്ടെത്താൻ നടത്തിയ ശ്രമവും വിഫലമായി. അറ്റകൈ എന്ന നിലയിലാണ് പൊലീസ് ഇപ്പോൾ പുതിയ മാർഗം സ്വീകരിച്ചത്. പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന നൽകുകയോ തെളിവുകൾ നൽകുകയോ ചെയ്താൽ പാരിതോഷികം നൽകുമെന്നാണ് പറഞ്ഞത്. വിവരം അറിയിക്കുന്നവരുടെ കാര്യം രഹസ്യമായി സൂക്ഷിക്കാം എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഒന്നര പവൻ ആഭരണം മുതൽ അഞ്ചു പവൻ വരെ നഷ്ടപ്പെട്ട അമ്മമാരും മോഷ്ടാക്കൾ ഇന്നല്ലങ്കിൽ നാളെയെങ്കിലും പിടിയിലാകുമെന്ന പ്രതീക്ഷയിലാണ്. പരാതി ലഭിക്കുന്ന മുറക്ക് കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെങ്കിലും പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.