കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം പൊലീസ് നടത്തിയ കോമ്പിങ് ഓപറേഷനിൽ ഒളിവിൽ കഴിക്കുകയായിരുന്ന നൂറിലേറെ വാറന്റ് പ്രതികൾ പിടിയിലായി. നൂറോളം കേസുകൾ ഓപറേഷന്റെ ഭാഗമായി രജിസസ്റ്റർ ചെയ്തു. വിവിധ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി പേരാണ് പൊലീസിന്റെ ഓപറേഷനിൽ കുടുങ്ങിയത്. ഇത് സംബന്ധിച്ച് നൂറോളം കേസുകൾ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ നിർദേശത്തെ തുടർന്നാണ് രാത്രി മുഴുവൻ കോമ്പിങ് ഓപറേഷൻ എന്ന പേരിൽ പരിശോധന നടത്തിയത്. 13 പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 103 വാറന്റ് പ്രതികളാണ് കുടുങ്ങിയത്.
മദ്യപിച്ച് വാഹനമോടിച്ച നിരവധിപേർ പൊലീസിന്റെ പിടിയിലായി. വാഹനം ഓടിച്ച ഒട്ടേറെ കുട്ടിഡ്രൈവർമാരെയും പിടികൂടി. രക്ഷിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ പരസ്യമായി മദ്യപാനത്തിൽ ഏർപ്പെട്ട നിരവധിപേർ പിടിയിലായി. കഞ്ചാവ് ബീഡി വലിക്കുകയായിരുന്നവരും പിടിയിൽ ആയിട്ടുണ്ട്. പുകയില ഉൽപന്നങ്ങളുമായും നിരവധിപേരെ പിടികൂടി. 'സംശയ സാഹചര്യത്തിൽ കണ്ടവരെയും പിടികൂടി കേസെടുത്തു.
കാഞ്ഞങ്ങാട്ട് ഒരു കാപ്പ കേസിലെ പ്രതിയെയും അറസ്റ്റ് ചെയ്തു .കള്ളാറിൽ സ്കൂട്ടറിൽ കടത്തിയ 36 കുപ്പി വിദേശ മദ്യവും പാണത്തൂരിൽ മൂന്നു ഗ്രാമിലേറെ എം.ഡി.എം.എയുമായി ഒരാളെയും അറസ്റ്റ് ചെയ്തു.
ഇവിടെ ഒരാൾ ഓടി രക്ഷപ്പെട്ടു. രാജപുരം പൊലീസ് ആണ് കേസെടുത്തത്. ഹോസ്ദുർഗ് , നീലേശ്വരം, ചന്തേര , ചീ മേനി, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, രാജപുരം, ബേക്കൽ, അമ്പലത്തറ, മേൽപ്പറമ്പ, കുമ്പള, മഞ്ചേശ്വരം, ആദൂർ , ബദിയടുക്ക , കാസർകോട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ, സബ്ഇൻസ്പെക്ടർ ഉൾപ്പെടെ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു രാത്രി മുഴുവൻ നീണ്ടുനിന്ന പരിശോധന.
അർധരാത്രിയിലും പുലർകാലങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനം നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. അടുത്തകാലത്തായി ജില്ലയിൽ നടന്ന ഏറ്റവും വലിയ ഓപറേഷനാണ് പൊലീസ് നടത്തിയത്. ജില്ലയിലെ മുക്കുമൂലകളിൽ പരിശോധനയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.