കാഞ്ഞങ്ങാട്: ആത്മഹത്യ ചെയ്യാനായി റെയിൽവേ ട്രാക്ക് പരിസരത്ത് നിൽക്കുകയായിരുന്ന ആളെ രക്ഷപ്പെടുത്തി പൊലീസ്. ആവി സ്വദേശിയായ 62 കാരനെയാണ് റെയിൽവേ പൊലീസും ഹോസ്ദുർഗ് ജനമൈത്രി പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. ട്രെയിനുകൾക്ക് കല്ലെറിയുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ റെയിൽപാളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്ന റെയിൽവേ എസ്.ഐ റെജിയും എ.എസ്.ഐ പ്രകാശനും സംശയകരമായ സാഹചര്യത്തിൽ പാളത്തിനരികിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ആത്മഹത്യ ചെയ്യാൻ എത്തിയതാണെന്ന് പറഞ്ഞത്.
റെയിൽവേ പൊലീസ് വിവരം ഉടൻ ജനമൈത്രി പൊലീസിൽ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ ടി.വി. പ്രമോദും രഞ്ജിത്ത് കുമാറും സ്ഥലത്തെത്തി അനുനയിപ്പിച്ച് പാളത്തിനരികിൽ നിന്നും മാറ്റി ചോദ്യം ചെയ്തപ്പോഴാണ് ആത്മഹത്യ ചെയ്യാൻ എത്തിയതാണെന്ന് പറഞ്ഞത്. അരലക്ഷം രൂപ ഒരു വർഷം മുമ്പ് ബാങ്കിൽ നിന്നും വായ്പ എടുത്തതിനെ തുടർന്ന് പണം തിരിച്ചടക്കാൻ കഴിഞ്ഞദിവസം നോട്ടീസ് ലഭിച്ചിരുന്നു. രണ്ടു ജാമ്യക്കാർക്കും നോട്ടീസ് ലഭിച്ചു. 29ന് ബാങ്കിൽ എത്താനും ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക പ്രശ്നത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യാൻ എത്തിയതെന്ന് പറഞ്ഞു.
പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നശേഷം ഇദ്ദേഹത്തിന് വിശദമായി കൗൺസിലിങ് നടത്തുകയും പ്രശ്നമൊന്നും ഇല്ലെന്നും പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കാം എന്നും ഉറപ്പ് നൽകി ഇദ്ദേഹത്തിന് പരിചയമുള്ളവരെ വിളിച്ചുവരുത്തി വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11നാണ് സംഭവം. കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ പരിസരത്താണ് കണ്ടത്. പൊലീസ് ഇദ്ദേഹത്തെ കണ്ടെത്തിയതിന് പിന്നാലെ ഇതുവഴി ട്രെയിൻ കടന്നു പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.