കാഞ്ഞങ്ങാട്: കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ കോർപറേറ്റ് വത്കരണ നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കർഷകസംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നടന്ന ക്വിറ്റ് കോർപറേറ്റ് പ്രതിഷേധ മാർച്ചിലും കർഷക കൂട്ടായ്മയിലും നൂറുകണക്കിന് കൃഷിക്കാർ അണിനിരന്നു.
മാന്തോപ്പ് മൈതാനി കേന്ദ്രീകരിച്ച് പ്രകടനത്തിനുശേഷം നോർത്ത് കോട്ടച്ചേരിയിൽ നടന്ന പൊതുയോഗം മുൻ എം.പി പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ കിസാൻസഭ നോതവ് ബങ്കളം കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കാർഷികമേഖല കോർപറേറ്റുകൾക്ക് നൽകാൻ മോദിസർക്കാർ കൊണ്ടുവന്ന കർഷക മാരണ നിയമം കൃഷിക്കാർ കഴിഞ്ഞ ഒരു വർഷത്തിലധികം നീണ്ട പോരാട്ടത്തിലുടെ പരാജയപ്പെടുത്തിയെങ്കിലും കൃഷിക്കാർക്ക് നേരിട്ട് സഹായങ്ങൾ നൽകാതെ കർഷകരെ കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുക്കുകയാണെന്ന് പി. കരുണാകരൻ പറഞ്ഞു. കാർഷിക വായ്പ വിതരണം എസ്.ബി.ഐ അദാനി ക്യാപിറ്റലിനായി വിട്ടുകൊടുത്തു.
ബാങ്ക് വായ്പയുടെ വിതരണവും തിരച്ചുപിടിത്തവും ഇനി ആദാനിയാണ് നടത്തുക. കൃഷിക്കാരെ കോർപറേറ്റ് കമ്പനികളുടെ ദയാദാക്ഷ്യണ്യത്തിന് വിട്ടുകൊടുത്ത കേന്ദ്ര സർക്കാറിന്റെ നടപടി പിൻവലക്കണമെന്നാവശ്യപ്പെട്ട് രാജ്യത്താകമാനം പ്രക്ഷോഭങ്ങൾ നടക്കുകയാണെന്ന് പി.കരുണാകരൻ പറഞ്ഞു. എൽ.ഡി.എഫ് കർഷക സംഘടനാ നേതാക്കളായ കെ. കുഞ്ഞിരാമൻ, സി.പി.ബാബു, കുര്യാക്കോസ് പ്ലാപ്പപറമ്പിൽ, കെ. എം. ബാലകൃഷ്ണൻ, പി.കെ. അബ്ദുൾ റഹിമാൻ, കെ. ശിവദാസൻ, കൂലേരി രാഘവൻ, രാജീവൻ പുതുക്കുളം, വി. കെ. രമേശൻ, പി.പി. രാജു, പനങ്കാവ് കൃഷ്ണൻ, മൂലകണ്ടം പ്രഭാകരൻ, പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കർഷക സംഘം ജില്ല സെക്രട്ടറി പി. ജനാർദനൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.