കാഞ്ഞങ്ങാട്: മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിെന്റ ട്രാക്ക് മാറിയുള്ള ഓട്ടം അപകടമോ സുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനമോ അല്ലെന്ന് റെയിൽവേ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച വൈകീട്ട് 6. 44നായിരുന്നു സംഭവം. ഒന്നാം പ്ലാറ്റ്ഫോമിൽ എത്തേണ്ട ട്രെയിൻ ദീർഘദൂര ട്രെയിനുകൾ പോകുന്ന മധ്യത്തിലുള്ള ട്രാക്കിലാണ് വന്നുനിന്നത്.
സ്റ്റേഷനിൽനിന്ന് സിഗ്നൽ നൽകിയതിലുള്ള അബദ്ധമാണ് ട്രാക്ക് മാറാനിടയായതെന്നാണ് റെയിൽവേ അറിയിച്ചത്. ട്രാക്ക് മാറി വന്നതോടെ ട്രെയിനിൽ നിന്നിറങ്ങാനും കയറാനും യാത്രക്കാർ ഏറെ പാടുപെട്ടു. ലഗേജുകളുമായി ഏറെ പ്രയാസപ്പെട്ടാണ് യാത്രക്കാർ പ്ലാറ്റ്ഫോമിലെത്തിയത്. വണ്ടി പിന്നീട് ട്രാക്ക് മാറി ഒന്നാംട്രാക്കിലൂടെ യാത്ര തുടരുകയായിരുന്നു.
ഇന്റർലോക്ക് പരാജയമല്ലെന്നും യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ സൗകര്യമൊരുക്കുന്നതിനായി രണ്ട് മിനിറ്റിന് പകരം എട്ട് മിനിറ്റ് അധിക സമയം നിർത്തിയിട്ടതായും റെയിൽവേ അധികൃതർ പറഞ്ഞു. ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും എല്ലാ യാത്രക്കാരുടെയും സുരക്ഷാ ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്ററും പോയന്റ്മാനും വ്യക്തിപരമായി ഉറപ്പാക്കിയിരുന്നുവെന്നും റെയിൽവേ അറിയിച്ചു. വലിയ നടപടി റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് സൂചന. വെള്ളിയാഴ്ച റെയിൽവേയിലെ ചില ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട്ടെത്തി പ്രാഥമിക അന്വേഷണം നടത്തി. സ്റ്റേഷൻ മാസ്റ്ററോട് വിശദീകരണം ചോദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.