കാഞ്ഞങ്ങാട്: മനുഷ്യൻ ആദ്യമായി ശീലിച്ച കരകൗശലവിദ്യ മൺകരകൗശലമാണെന്നും കളിമൺ ശിൽപനിർമാണം മനുഷ്യന്റെ അടിസ്ഥാന ചോദനകളെ ഉണർത്തുന്നതാണെന്നും എല്ലാ നിർമാണത്തിന്റെയും തുടക്കം ഇവിടെ നിന്നാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
ഫോക് ലാൻഡിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര കരകൗശല വകുപ്പിന്റെ സഹകരണത്തോടെ കണിച്ചിറ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന കളിമൺ കരകൗശല ശിൽപശാലയുടെ രണ്ടാംഘട്ടം ഇഷ്ടികച്ചൂളക്ക് തീകൊളുത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തനതുൽപന്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനും സ്വയംതൊഴിൽ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയും നടത്തുന്ന പരിശീലനത്തിൽ 30 അംഗങ്ങളാണുള്ളത്.
50 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഗ്രാന്റുകളും നിർമാണ ഉപകരണങ്ങളും ധനസഹായവും നൽകിയാണ് പരിശീലനം.
ഫോക്ലാൻഡ് ചെയർമാൻ ഡോ. വി. ജയരാജൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.പി. ജയരാജൻ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി വിശിഷ്ടാതിഥിയായിരുന്നു.
വാർഡ് കൗൺസിലർ കെ. പ്രീത, കെ. സുരേഷ് ബാബു, കോഴ്സ് ഇൻസ്ട്രക്ടർ പി.ബി. ബിദുല, എൻ.കെ. ബാലകൃഷ്ണൻ, കെ. സുരേശൻ എന്നിവർ സംസാരിച്ചു. പാലക്കാട് ജനാർദനൻ പുതുശ്ശേരിയും സംഘവും നാടൻപാട്ടും ദൃശ്യാവിഷ്കാരവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.