കാഞ്ഞങ്ങാട്: ജയിൽ മോചിതനായ ശേഷം വീണ്ടും മോഷണത്തിനിറങ്ങിയ ആൾ സ്കൂളിലും പച്ചക്കറി ക്കടയിലും കവർച്ച നടത്തി പിടിയിൽ. പാലക്കുന്നിലെ പച്ചക്കറിക്കട, ബേക്കൽ എ.എൽ.പി സ്കൂളിലും കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പൂട്ട് പൊളിച്ച് മോഷണം നടത്തിയ വിറകിന്റവിട രാധാകൃഷ്ണൻ എന്നറിയപ്പെടുന്ന പയ്യന്നൂർ അന്നൂർ സ്വദേശി രാധാകൃഷ്ണനെയാണ് (52) ബേക്കൽ ഇൻസ്‌പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ മംഗളൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണൻ അടുത്തിടെയാണ് ജയിൽ മോചിതനായത്.
സ്കൂളിൽനിന്ന് 20000 രൂപയും കടയിൽനിന്ന് 500 രൂപയും 5000 രൂപ വിലയുള്ള സ്മാർട്ട് ഫോണും കവർന്നിരുന്നു. പച്ചക്കറിക്കടയിൽ നടന്ന കവർച്ചയുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചതാണ് തുമ്പായത്. പ്രതികൾ മംഗളുരുവിലുണ്ടെന്ന് വിവരം കിട്ടിയതിന് പിന്നാലെ ഇവിടെയെത്തിയ അന്വേഷണ സംഘം മദ്യശാലാ പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു.
കൂട്ടുപ്രതി കണ്ണൂർ സ്വദേശി റഹീം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലും കടയിലും മോഷണം നടത്തിയത് രണ്ടുപേരും ഒരുമിച്ചാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലായി രാധാകൃഷ്ണന്റെ പേരിൽ നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ബേക്കൽ എസ്.ഐമാരായ എം. രജനീഷ്, രാമചന്ദ്രൻ, ജയരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുധീർ ബാബു, പ്രമോദ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.