കാഞ്ഞങ്ങാട്: 20 ദിവസത്തിലേറെയായി ഞാണിക്കടവിലെ വാടക ക്വാർട്ടേഴ്സിൽ സഹായമില്ലാതെ കഴിഞ്ഞ അസം സ്വദേശിയായ യുവതിക്കും ആറു വയസ്സുള്ള മകൾക്കും സഹായവുമായി നന്മമരം പ്രവർത്തകർ.
ജോലിക്കായി ചെന്നൈക്ക് പോകുന്നു എന്ന് പറഞ്ഞു പങ്കാളി മുങ്ങിയതോടെയാണ് മകളുമായി യുവതി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായത്. വിവരം ജനമൈത്രി പൊലീസ് ‘നന്മമരം’ കാഞ്ഞങ്ങാടിന്റെ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. രണ്ടാഴ്ചയായി യുവതിയും കുഞ്ഞും നന്മമരം പ്രവർത്തകരുടെ സംരക്ഷണയിൽ കഴിയുകയായിരുന്നു.
അസുഖ ബാധിതയായ കുഞ്ഞിന്റെ ചികിത്സ ഉൾപ്പെടെ നന്മമരം പ്രവർത്തകർ ഏറ്റെടുത്തു നടത്തി. ഗുവാഹതിയിലെ നാഗോൺ ജില്ലക്കാരിയായ ഹിമാദ്രി സൈക്യയാണ് വാടക ക്വാർട്ടേഴ്സിൽ കഴിയുന്നത്. ബന്ധുക്കളുടെ ആവശ്യപ്രകാരം യുവതിയെയും കുഞ്ഞിനെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ പാലക്കാട്ടുനിന്നും ഇവരെ ട്രെയിനിൽ നാട്ടിലേക്ക് കയറ്റിവിടുമെന്ന് ഭാരവാഹികൾ പറഞ്ഞു. നന്മമരം കാഞ്ഞങ്ങാട് സെക്രട്ടറി ബിബി ജോസ്, സബിഷ് ചിത്താരി എന്നിവർ പാലക്കാട് ഇവരെ അനുഗമിക്കുന്നുണ്ട്.
കാഞ്ഞങ്ങാട് ട്രാഫിക് സർക്കിളിലെ നന്മമര ചുവട്ടിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പിങ്ക് പൊലീസ് അസി. സബ് ഇൻസ്പെക്ടർ യു.കെ. സരള, സീനിയർ സിവിൽ പൊലിസ് ഓഫിസർ സജിത, സതീ ദേവി, നന്മമരം ഭാരവാഹികളായ സലാം കേരള, വിനോദ് താനത്തിങ്കാൽ, ഷിബു നോർത്ത് കോട്ടച്ചേരി, വിനു വേലാശ്വരം, പുഷ്പ കൊളവയൽ, മൊയ്തു പടന്നക്കാട്, സിന്ധു, അനിൽ, അൻസാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.