കാഞ്ഞങ്ങാട്: 2014ലെ ടി.പി. ചന്ദ്രശേഖരൻ കേസിലും അഡ്വ. സി.കെ. ശ്രീധരൻ ചതിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ടി.പി കേസ് പ്രതികളുടെ അപ്പിൽ ഹൈകോടതി പരിഗണിക്കുന്ന സമയത്ത് ഹാജരാകാതെ മുങ്ങുകയായിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെടേണ്ട സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെയും ബന്ധപ്പെട്ട സാക്ഷികളെയും വിസ്തരിക്കുന്ന സമയത്ത് സി.കെ. ശ്രീധരൻ കോടതിയിൽനിന്ന് മുങ്ങുകയായിരുന്നു.
പണത്തിനുവേണ്ടി സി.പി.എമ്മുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുകയായിരുന്നു. പെരിയ ഇരട്ടക്കൊല കേസിൽ മുഴുവൻ വിവരങ്ങളും ചോർത്തി മനസ്സിലാക്കിയ ശേഷം കേസെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞയാളാണ് ശ്രീധരൻ.
ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പിലാത്തോസും ഒറ്റിക്കൊടുത്ത യൂദാസും ചേർന്നാൽ സി.കെ. ശ്രീധരനായി. ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് പറഞ്ഞാണ് സി.കെ. ശ്രീധരൻ കോൺഗ്രസ് വിട്ടത്. എന്നാൽ, അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടി ബി.ജെ.പിയെ അദ്ദേഹം അഭയം പ്രാപിച്ചിട്ടുണ്ട്.
ബി.ജെ.പി പിന്തുണയോടെ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാനായ കാര്യം ഉണ്ണിത്താൻ ഓർമിപ്പിച്ചു. ആർത്തിയാണ് ഇപ്പോഴത്തെ മാറ്റത്തിനു കാരണം. വാർത്തസമ്മേളനത്തിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാജൻ പെരിയ, പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രമോദ് പെരിയ, സത്യനാരായണൻ, അഡ്വ. എം.കെ. ബാബുരാജ് എന്നിവർ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: പെരിയയിലെ കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുവേണ്ടി ഹാജരാകുന്ന അഡ്വ. സി.കെ. ശ്രീധരന്റെ നിലപാട് അപലപീനയമാണെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് കെ.കെ. രാജേന്ദ്രൻ.
അഭിഭാഷകൻ എന്ന പ്രഫഷനലിസത്തിന്റെ എല്ലാ മൂല്യങ്ങളും തകർത്താണ് അദ്ദേഹം പ്രതികൾക്ക് വേണ്ടി ഹാജരാകാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതാവും പ്രശസ്തനായ വക്കീലും എന്നുള്ള നിലയിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളും ആശ്വാസം കണ്ടെത്തിയത് സി.കെ. ശ്രീധരന്റെ ഉപദേശത്തിലാണ്.
അന്വേഷണം ഗതിമാറുന്ന ഘട്ടത്തിൽ എഫ്.ഐ.ആർ ഉൾപ്പെടെ കേസ് ഡയറി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പാർട്ടിയും ശ്രീധരനെ വിശ്വസിച്ച് ഏൽപിച്ചു. എന്നാൽ, അദ്ദേഹം കള്ളക്കളി നടത്തിയെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. സി.ബി.ഐ അന്വേഷണത്തിനായി ഹൈകോടതിയിൽ ഹരജി സമർപ്പിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം തെന്നിമാറി.
കുടുംബത്തെ സഹായിക്കാൻ അഡ്വ. ആസഫലി മുന്നോട്ടുവന്നതും സി.ബി.ഐ അന്വേഷണ ഉത്തരവിട്ടതും സി.കെ. ശ്രീധരന് ആഘാതമായി മാറുകയായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ സി.കെ. ശ്രീധരൻ കൂട്ടുനിന്നു എന്ന ആരോപണം രക്തസാക്ഷികളുടെ കുടുംബം ഉന്നയിച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ട ഇരകൾക്ക് നിയമോപദേശം നൽകുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണ വഴികളിൽ ഇടപെടുകയും ചെയ്തത് ഗൂഢാലോചനയാണോ എന്ന് കുടുംബം സംശയിക്കുന്നു. പ്രഫഷനൽ മൂല്യങ്ങൾ ബലികഴിച്ചാണ് ശ്രീധരൻ പ്രതികൾക്കുവേണ്ടി ഹാജരാകുന്നത്. വാദിക്കും പ്രതിക്കും നിയമോപദേശം നൽകുക എന്നത് വക്കീൽ സമൂഹത്തിന്റെ ഇടയിൽ കേട്ടുകേൾവി ഇല്ലാത്തതാണ്- രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.