കാഞ്ഞങ്ങാട്: അജാനൂർ മുട്ടുന്തലയിൽ കൂട് തകർത്ത നായ്ക്കൂട്ടം എട്ട് ആടുകളെയും മുയലുകളെയും ആക്രമിച്ച് കൊന്നു. മുട്ടുംന്തലയിലെ കെ.പി. നൗഷാദിന്റെ ആടുകളെയും മൂന്ന് മുയലുകളെയുമാണ് കൊന്നത്. വീട്ടുമുറ്റത്ത് സ്ഥാപിച്ച വലിയ കൂട് തകർത്താണ് ആറ് നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്. ഏഴെണ്ണത്തിനെ സ്ഥലത്തുതന്നെ ചത്ത നിലയിലാണ് കണ്ടത്. ഒരു ആടിനെ നായ്ക്കൾ കൊണ്ടുപോയി.
മുയലുകളും കൂടിന്റെ പരിസരത്ത് ചത്ത നിലയിലാണ്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പള്ളിയിൽ പോകുന്നവർ സംഭവം കണ്ട് നായ്ക്കളെ തുരത്തിയെങ്കിലും ആടുകൾ ചത്തിരുന്നു. തെരുവുനായ്ശല്യം മൂലം ആളുകൾ വലിയ ഭീതിയിലാണ്. അജാനൂർ പഞ്ചായത്തിൽ അതിരൂക്ഷമായ നായ് ശല്യത്തിനെതിരെ നിരന്തര പരാതികളാണെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. എല്ലായിടങ്ങളിലും കൂട്ടമായെത്തുന്ന നായ്ക്കൾ അക്രമകാരികളാവുകയാണ്.
ചിത്താരി പ്രദേശത്ത് വളർത്തുമൃഗങ്ങൾക്ക് നേരെ നിരന്തര ആക്രമണമാണ്. കൂടുതകർത്ത് കൂട്ടത്തോടെ കോഴികളെ കൊല്ലുന്നത് വർധിക്കുന്നു. കൂടുകളിൽ പോലും വളർത്തുമൃഗങ്ങൾക്ക് രക്ഷയില്ലാതായി. നായ്ശല്യത്തിനെതിരെ പഞ്ചായത്തിന് നിരന്തര പരാതി നൽകുകയല്ലാതെ നാട്ടുകാരുടെ മുന്നിൽ മറ്റ് പോംവഴികളുമില്ല. നായ്ശല്യം മൂലം നാടാകെ ദുരിതമനുഭവിക്കുമ്പോൾ തെരുവ് നായ് പ്രശ്നത്തിന് ഒരിക്കലും പരിഹാരമുണ്ടാകില്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.