കാഞ്ഞങ്ങാട്: പഴയ ബസ്സ്റ്റാഡിന് മുൻവശം ഡി.വൈ.എഫ്.ഐ പ്രതീകാത്മക വായനശാല നിർമിച്ചതിൽ വിവാദം. ഡി.വൈ.എഫ്.ഐ 20ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർഥം ഓട് പാകിയ പ്രതീകാത്മക വായനശാല നിർമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായി.
അനധികൃത നിർമാണം ഒഴിവാക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കുടിൽകെട്ടി പ്രതിഷേധിക്കുകയാണ്. അനധികൃത നിർമാണത്തിനെതിരെ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി എടുക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് കുടിൽ കെട്ടിയത്. അനുമതി ഇല്ലാതെയാണ് ഡി.വൈ.എഫ്.ഐയുടെ നിർമാണമെന്ന് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പറഞ്ഞു.
രണ്ടുദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാലാണ് യൂത്ത് കോൺഗ്രസിന്റെ പുതിയ രീതിയിലുള്ള പ്രതിഷേധം. റിപ്പബ്ലിക് ദിനത്തിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന സംസ്ഥാന റാലിയുടെ പ്രചാരണാർഥമാണ് കുടിൽ കെട്ടിയത്. അധികൃതരെ സമ്മർദ്ദത്തിലാക്കാൻ കൂടിയാണ് യൂത്ത് കോൺഗ്രസ് ഈ നിലപാട് സ്വീകരിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് ലീഗ് പ്രവർത്തകർ കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
ഉപരോധത്തിനിടെ ഒരു സ്ഥിരംസമിതി അധ്യക്ഷൻ യൂത്ത് ലീഗ് പ്രവർത്തകരോട് തർക്കിച്ചത് വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തി. അനധികൃത നിർമാണം ഉടൻ മാറ്റുമെന്ന് ഉറപ്പു നൽകിയതിനു ശേഷമാണ് യൂത്ത് ലീഗ് പ്രവർത്തകർ പിരിഞ്ഞുപോയത്. ഇതിനിടയിൽ യുവമോർച്ച പ്രവർത്തകരും ഇവിടെ അനധികൃത നിർമാണം നടത്തി പ്രതിഷേധിച്ചു.
പ്രതീകാത്മക വായനശാല പൊളിച്ചുനീക്കാൻ അധികൃതർ എത്തുമെന്നറിഞ്ഞ് കഴിഞ്ഞ ദിവസം വൈകീട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇവിടെ സംഘടിച്ചിരുന്നു. പൊലീസും സ്ഥലത്തെത്തിയിരുന്നെങ്കിലും നഗരസഭ ഒടുവിൽ നടപടി സ്വീകരിക്കാതെ പിൻവാങ്ങുകയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ഷെഡിനെതിരെ മുസ്ലിം ലീഗും ഒടുവിൽ പരാതിയുമായി വിവിധ ഉദ്യോഗസ്ഥരെ സമീപിച്ചു. കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
കാഞ്ഞങ്ങാട്: ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സമുണ്ടാക്കുംവിധം രാഷ്ട്രീയപാർട്ടിയുടെ പ്രചരണാർഥം അനധികൃതമായി നിർമിച്ച ഷെഡ് പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാക്കി യു.ഡി.എഫ് നഗരസഭ കൗൺസിലർമാർ. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ, നഗരസഭയുടെ പൊതുസ്ഥലങ്ങളിലുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചതാണ്. നഗരത്തിന്റെ പ്രധാനഭാഗത്താണ് അനധികൃത ഷെഡ് നിർമിച്ചിരിക്കുന്നത്.
ഇത് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ആർ.ഡി.ഒ, നഗരസഭ സെക്രട്ടറി, ചെയർപേഴ്സൻ, ഡിവൈ.എസ്.പി എന്നിവരെ നേരിൽക്കണ്ട് പരാതി നൽകി. കൗൺസിലർമാരായ കെ.കെ. ജാഫർ, കെ.കെ. ബാബു, അഷ്റഫ് ബാവ നഗർ, ടി. മുഹമ്മദ് കുഞ്ഞി, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, വി.വി. ശോഭ, ടി.കെ. സുമയ്യ, എം.ബി. റസിയ, ആയിഷ അഷ്റഫ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
കാഞ്ഞങ്ങാട്: അനധികൃത കെട്ടിടം അടിയന്തരമായി പൊളിച്ചുമാറ്റാത്ത പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കക്ഷിചേര്‍ത്ത് ഹൈകോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പശ്ചാത്തലമൊരുക്കേണ്ട മുനിസിപ്പല്‍ സെക്രട്ടറി ഒഴിഞ്ഞുമാറുന്നുവെന്നുമുള്ള ധ്വനിയിലാണ് പൊലീസും റവന്യൂ അധികാരികളും സംസാരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നിയമം നടപ്പാക്കുന്നതിനെതിരെ തനിക്ക് ഭീഷണിയുെണ്ടന്ന് സെക്രട്ടറിയും വിലപിക്കുകയാണെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് ബഷീര്‍ വെള്ളിക്കോത്ത്, ജന. സെക്രട്ടറി കെ.കെ. ബദറുദ്ദീന്‍, ട്രഷറര്‍ സി.കെ. റഹ്മത്തുല്ല, വൈസ് പ്രസിഡന്റുമാരായ ടി. അന്തുമാന്‍, തെരുവത്ത് മൂസ ഹാജി, സെക്രട്ടറിമാരായ പി.എം. ഫാറൂഖ്, ബഷീര്‍ കൊവ്വല്‍പള്ളി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍, ജന. സെക്രട്ടറി റമീസ് ആറങ്ങാടി, അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി ബഷീര്‍ ചിത്താരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.