കാഞ്ഞങ്ങാട്: ചന്ദ്രഗിരി സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് ചിത്താരി സൗത്തിൽ ടാങ്കർ ലോറിയിൽനിന്ന് പാചകവാതകം ചോർന്നു. രാവിലെ ഏഴരയോടെയാണ് സംഭവം. മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കമ്പനിയുടെ പാചകവാതകമാണ് ചോർന്നത്. ടാങ്കറിന് പിറകെ വന്ന ലോറിക്കാരനാണ് ഗ്യാസ് ചോർച്ചയുണ്ടെന്ന വിവരം ടാങ്കർലോറി ഡ്രൈവറെ അറിയിച്ചത്.
തുടർന്ന് സംസ്ഥാന പാതയിൽ സെൻട്രൽ ചിത്താരി പള്ളിക്ക് സമീപത്തായി നിർത്തിയിട്ടു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, പൊലീസ് എന്നിവർ സ്ഥലത്തെത്തി. താൽക്കാലികമായി ചോർച്ച അടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മണിക്കൂറുകളോളം ശ്രമിച്ചിട്ടും പൂർണമായും ചോർച്ച അടക്കാനാവാതെ വന്നതോടെയാണ് വിദഗ്ധരുടെ സഹായം തേടിയത്. ചോർച്ച തുടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ 100ഓളം കുടുംബങ്ങളെ വീടുകളിൽനിന്നും മാറ്റി. 500 മീറ്റർ ചുറ്റളവിലെ വീട്ടുകാരോട് ജാഗ്രത നിർദേശിച്ചു. കടകൾ അടച്ചിട്ടു. ഇരുഭാഗത്ത് നിന്നുമുള്ള വാഹനഗതാഗതം പൂർണമായും വഴി തിരിച്ചുവിട്ടു. ഉച്ചക്ക് രണ്ട് മണിയോടെ മംഗളൂരു ഐ.ഒ.സിയിൽ നിന്ന് വിദഗ്ധരെത്തി. റിക്കവറി വെഹിക്കിളുമെത്തി ചോർച്ചയുള്ള ടാങ്കറിൽനിന്ന് മറ്റ് ടാങ്കറുകളിലേക്ക് പാചകവാതകം മാറ്റിത്തുടങ്ങി. എട്ട് മണിക്കൂറിലേറെ സമയമാണ് ഗ്യാസ് മറ്റ് ടാങ്കറുകളിലേക്ക് മാറ്റാനാവശ്യമായി വന്നത്. ആറു ടൺ വീതം മൂന്ന് ടാങ്കറുകളിലേക്കാണ് മാറ്റിയത്. വാഹനത്തിൽ ഗ്യാസ് എത്ര കിലോ നിറഞ്ഞുവെന്ന് അറിയുന്ന റോട്ടോ ഗേജിലാണ് ഗ്യാസ് ചോർച്ചയുണ്ടായത്.
ജില്ല കലക്ടർ കെ. ഇമ്പശേഖരൻ, കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഹോസ്ദുർഗ് തഹസിൽദാർ എം. മായ ഉൾപ്പെടെ സ്ഥലത്തെത്തി സുരക്ഷ സംവിധാനം ഉറപ്പാക്കി. 18 sൺ പാചക വാതകമായിരുന്നു ടാങ്കറിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.